National
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വസ്ത്രധാരണ രീതികളിൽ പുതിയ തരംഗം സൃഷ്ടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ വെള്ള ടി-ഷർട്ട് ധരിച്ച് തുടങ്ങിയ രാഹുൽ, ഇപ്പോൾ 'ജെൻ സി'കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് നിറപ്പകിട്ടുള്ള ടി-ഷർട്ടുകളിലേക്ക് മാറിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി രാജ്യവ്യാപകമായി നടത്തുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടികളിലാണ് അദ്ദേഹം ഈ പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ കുർത്ത-പൈജാമ മാത്രം ധരിച്ചിരുന്ന നിരവധി കോൺഗ്രസ് നേതാക്കളും രാഹുലിന്റെ വഴിപിന്തുടർന്ന് ടി-ഷർട്ടിലേക്ക് മാറിയിരുന്നു. രാഹുലിന്റെ ടി-ഷർട്ട് രാഷ്ട്രീയത്തെ ബിജെപി പലപ്പോഴും പരിഹസിക്കുകയും ഗൗരവമില്ലായ്മയായി ചിത്രീകരിക്കുകയും ചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ല. കോട്ടയിൽ നീല, അലഹാബാദിൽ പിങ്ക്, പൂനെയിൽ മഞ്ഞ എന്നീ നിറങ്ങളിലുള്ള ഷർട്ടുകൾ ധരിച്ചാണ് രാഹുൽ വിദ്യാർത്ഥികളുമായി സംവദിച്ചത്.
യുവവോട്ടർമാരെയും വനിതകളെയും പാർട്ടിയോട് അടുപ്പിക്കാനാണ് കോൺഗ്രസ് ഈ പുതിയ തന്ത്രത്തിലൂടെ ശ്രമിക്കുന്നത്. വരും തെരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനമാകുന്ന ചെറുപ്പക്കാരെയും സ്ത്രീകളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ ഈ പുതിയ മെയ്ക്കോവർ.
National
ചണ്ഡീഗഡ്: അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഷെഹ്സാദ് ഭട്ടി ശൃംഖല ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാണ ഭായ്, മാലിക് എന്നീ ഓപ്പറേറ്റർമാരുടെ പേര് സഹിതമുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പഞ്ചാബിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അമൃത്സറിലെ ഖാസ കാന്റോൺമെന്റ്, ബിയാസിന് സമീപമുള്ള ബുദ്ധ തെഹ് സൈനിക താവളം എന്നിവിടങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയതായി ഏജൻസികൾ വ്യക്തമാക്കുന്നു.മാസങ്ങൾക്ക് മുൻപ് ഖാസ കാന്റോൺമെന്റിന്റെ കോമ്പൗണ്ട് മതിലിന് സമീപം കുറഞ്ഞ തീവ്രതയുള്ള ഐഇഡി സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും പുതിയ ആക്രമണ ഭീഷണി ഉയർന്നിരിക്കുന്നത്.
വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടിയുടെ നേതൃത്വത്തിൽ പ്രാദേശിക കുറ്റവാളികളെയും നെറ്റ്വർക്കുകളെയും ഉപയോഗിച്ച് അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ശ്രമം നടക്കുന്നതായാണ് നിഗമനം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അമൃത്സറിലെയും പരിസരങ്ങളിലെയും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.
Kerala
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) നിന്ന് തനിക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനം വാഗ്ദാനം ലഭിച്ചതായി നടൻ ദേവൻ. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സെപ്റ്റംബർ പത്തിന് വിജയിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും ദേവൻ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് ദേവൻ പാർട്ടി വിട്ടത്. ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ലെന്നും പണം മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ല. കേരളത്തിൽ നിലവിലുള്ളത് രാഷ്ട്രീയവത്കരിച്ച ഭീകരവാദമാണെന്നും അതിനെ നേരിടുന്നതിൽ ബിജെപി പരാജയപ്പെട്ടതുകൊണ്ടാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ദേവൻ പറഞ്ഞു.
ടിവികെയിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട ആദ്യവട്ട ചർച്ചകൾ പൂർത്തിയായതായി നടി പ്രിയങ്കയും സ്ഥിരീകരിച്ചു. ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദേവനാണെന്നും ടിവികെ നേതാവ് സി. ജോസഫ് വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നും അവർ വ്യക്തമാക്കി. ബിജെപി വിട്ട സാഹചര്യത്തിൽ തന്റെ പഴയ രാഷ്ട്രീയ പാർട്ടി പുനരുജ്ജീവിപ്പിച്ച് ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ദേവൻ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. കെ.എസ്. ഹംസയും താനും അടങ്ങുന്ന ബോർഡാണ് സർക്കാരിന് പ്രശ്നമെന്നും, മതപരമായ നിലപാടുകൾ തകർന്നാലും തങ്ങൾ രണ്ടുപേരും മാറിയാൽ മതിയെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിലായിരുന്നു സമസ്ത സെക്രട്ടറിയുടെ ഈ തുറന്നടിച്ച പ്രതികരണം.
ആർഎസ്എസിനൊപ്പം നിന്ന് തരംതാഴേണ്ട അവസ്ഥയിലാണ് സർക്കാരെന്ന് ആരോപിച്ച ഉമർ ഫൈസി, തങ്ങളെ പുറത്താക്കാൻ വേണ്ടിയാണ് സർക്കാർ ഹൈക്കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പറഞ്ഞു. മതമൂല്യങ്ങൾ നഷ്ടപ്പെട്ടാലും അമുസ്ലിംകളായ രണ്ടുപേരെ ബോർഡിൽ ഉൾപ്പെടുത്താനാണ് ശ്രമം നടന്നത്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സമസ്തയുടെ ശക്തമായ എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു സർക്കാരിന്റെ പരിപാടിയിൽ വെച്ചുതന്നെ ഉമർ ഫൈസി നടത്തിയ ഈ പ്രതികരണം.
National
പൂനെ: സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. കോൺഗ്രസ് മുൻ അധ്യക്ഷൻ യഥാർത്ഥത്തിൽ സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന 33 ശതമാനം വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കാൻ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള സ്മൃതി ഇറാനിയുടെ ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്.
പൂനെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി സ്ത്രീകളെക്കുറിച്ചും മനുസ്മൃതിയെക്കുറിച്ചും പരാമർശിച്ചത്. സ്ത്രീകൾ ഇന്ത്യയുടെ ശക്തിയാണെന്നും സ്വന്തം അവകാശങ്ങൾക്കായി പുരുഷാധിപത്യപരമായ കീഴ്വഴക്കങ്ങളെ വെല്ലുവിളിക്കണമെന്നും പറഞ്ഞ രാഹുൽ ഗാന്ധി, മനുസ്മൃതിയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭാഗങ്ങൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹിന്ദുധർമം ഭഗവതിയെയും ലക്ഷ്മിയെയും സരസ്വതിയെയും ആരാധിക്കുന്ന ഒന്നാണെന്നും വന്ദേമാതരത്തിൽ ദുർഗയെ സ്തുതിക്കുന്ന ഭാഗം വെട്ടിമാറ്റിയത് കോൺഗ്രസ് ആണെന്നും സ്മൃതി ഇറാനി തിരിച്ചടിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയും പാർലമെന്റിനേക്കാൾ മുകളിലല്ലെന്നും അവർ കൂട്ടിച്ചേർത്തു.
International
ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി അസീം മുനീർ ഇറാൻ സന്ദർശിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദർശനം. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ചേർന്ന് രൂപീകരിച്ച 'സുന്നി പ്രതിരോധ ഉടന്പടിയിലേക്ക്' ഇറാനെ ക്ഷണിച്ചേക്കുമെന്നാണ് വിവരങ്ങൾ. സഖ്യത്തിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കുമെതിരെയുള്ളതായി കണക്കാക്കുന്നതാണ് ഈ ചരിത്രപ്രധാന കരാർ.
അതേസമയം, ഇറാന് മേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന്റെ വിശദാംശങ്ങൾ യുഎസ് ട്രഷറി നാളെ പുറത്തുവിടും. അമേരിക്കയുടെ ഉപരോധം എല്ലാ രാജ്യങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നും ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇസ്രയേലിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ട്രംപിന്റെ ഈ നടപടിയെന്നും, പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണച്ചാൽ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പൂർണമായി തടയുമെന്നും ഇറാൻ സുരക്ഷാ മേധാവി മൊഹ്സിൻ റെസായി മുന്നറിയിപ്പ് നൽകി.
National
അമൃത്സർ: ഡ്രോൺ വഴി അതിർത്തി കടത്തിയ വൻ ആയുധശേഖരവുമായി രണ്ടുപേരെ പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. തൺ തരൺ സ്വദേശികളായ ഗുർപ്രീത് സിംഗ് (ഇക്ബാൽ സിംഗിന്റെ മകൻ), ഗുർപ്രീത് സിംഗ് (ഗുൽസാർ സിംഗിന്റെ മകൻ) എന്നിവരാണ് അമൃത്സർ-അട്ടാരി റോഡിൽ പിടിയിലായത്.
ഒൻപത് 9 എംഎം പിസ്റ്റളുകൾ, ഒരു .30 ബോർ പിസ്റ്റൾ, മാഗസിനുകൾ, 10 ലൈവ് കാട്രിഡ്ജുകൾ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ആയുധ കടത്തിന് ഉപയോഗിച്ച ബജാജ് പ്ലാറ്റിന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
വിദേശത്തു നിന്നുള്ള ഹാൻഡ്ലറുടെ നിർദേശപ്രകാരം ഇന്ത്യ-പാക് അതിർത്തിയായ ഹവേലിയൻ ഗ്രാമത്തിന് സമീപം ഡ്രോൺ വഴി എത്തിയ ആയുധങ്ങൾ കൈപ്പറ്റിയ ശേഷം, മറ്റ് സംഘങ്ങൾക്ക് കൈമാറാൻ കൊണ്ടുപോകുകയായിരുന്നു ഇവർ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കാസർഗോഡ്: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ഡിഎഫ്ഒയ്ക്കെതിരെ പരാതി. സംഭവത്തിൽ കാസർഗോഡ് ഡിഎഫ്ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു.
ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്ന് കാസർഗോട്ടേയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്ഒ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി.
അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
Kerala
തൃശൂര്‍: പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കുമ്പളക്കോട് സ്വദേശി അനില്‍കുമാര്‍(28) ആണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.
ഇതേതുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കകം ഇയാളെ പിടികൂടി. കേസില്‍ പ്രതിയായ ഇയാളെ പഴയന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനായി ചേലക്കര ഗവൺമെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചെക്കപ്പിനുശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ അനില്‍കുമാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാൻ ഇല്ലെന്ന് പരാതി. മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയുടെ മകൻ മുഹമ്മദ് സബീറിനെ(10) ആണ് കാണാതായത്.
ശനിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കൾ തമ്പാനൂർ പോലീസിൽ പരാതി നൽകിയത്. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് വിവരം.
പിതാവിന്റെ പരാതിയിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തലശേരി: ഇല്ലത്ത് താഴയിൽ നടുറോഡിൽ യുവാവിന് വെട്ടേറ്റു. ഇല്ലത്ത് താഴയിലെ സുജേഷിനാണ് വെട്ടേറ്റത്. രാത്രി എട്ടോടെയായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് സൂചന.
പരിക്കേറ്റ സുജേഷിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ കൊടിയേറി. മന്ത്രി പി.സി. വിഷ്ണുനാഥ് ആണ് പതാക ഉയർത്തിയത്.
ശശി തരൂർ എംപി എംഎൽഎമാരായ എം. വിൻസെന്റ്, എം.ആർ. ബൈജു, ജി. സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തി ഘോഷയാത്രയോടു കൂടിയാണ് പതാക കനകക്കുന്നിൽ എത്തിച്ചത്.
ഓണം വാരാഘോഷത്തിന്റെയും ഭാഗമായി ശശി തരൂർ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
Kerala
മൂന്നാർ: ഇടുക്കി തൂക്കുപാലത്ത് പട്രോളിംഗിനിടയിൽ ഓട്ടോ റിക്ഷാ ഡ്രൈവറെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച നെടുംകണ്ടം എസ്ഐ ലിജോ പി. മാണിയെ ആക്രമിച്ച രണ്ട് പ്രതികൾ അറസ്റ്റിലായി. തൂക്കുപാലം സ്വദേശി കുരുവിക്കാട്ട് ആനന്ദ്, ആനവിലാസം ചപ്പാത്ത് സ്വദേശി ആലത്തറക്കൽ അഭിഷേക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം നെടുംകണ്ടം പോലീസ് തൂക്കുപാലം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. ബീവറേജിന് സമീപത്ത് വച്ച് മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ അരുൺ എന്നയാളെ പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുന്നത് കണ്ട പോലീസ് സംഘം ഇവരെ തടയുകയും പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ എസ്ഐക്ക് നേരെ തിരിയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം വിളിക്കുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി മസാദുൽ ഇസ്ലാമിനെയാണ് (39) ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം ഇയാൾ ആലുവയിൽ എത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ തൃക്കളത്തൂർ സംഗമം പടിയിൽ വച്ചാണ് പോലീസിന്റെ വലയിലായത്.
ബാഗിൽ പ്രത്യേകം പാക്ക് ചെയ്ത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി 25,000 രൂപ നിരക്കിലാണ് ഇവിടെ വിൽപന. അതിഥി തൊഴിലാളികൾക്കിടയിലാണ് കച്ചവടം. ഇതിനുമുൻപും ഇയാളെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്നു ദീപം തെളിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.
ഉത്രാട ദിനത്തിൽ രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും.
ഇത്തവണ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് തിരുവോണ ദിനത്തിൽ സദ്യ നടത്തുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 28 ന് രാത്രി 10ന് നട അടയ്ക്കും.
Kerala
കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയുമാണ് ഇഡി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ലേക്കർ ഇന്ത്യ കടലാസ് കമ്പനിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്നും എല്ലാ നിയമവശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങിയിരിക്കുകയാണെന്നും പാർട്ടിക്ക് എതിരായ വാർത്തകൾക്കായി മാത്രമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
സിപിഎമ്മിനെ ഭയപ്പെടുത്തി നിർത്താമെന്ന് ഇഡിയും മാധ്യമങ്ങളും കരുതേണ്ടതില്ലെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് പാർട്ടി വളർന്നു വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പിഎംഎൽഎ വകുപ്പുകൾ കൂടി കൈകാര്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് നൽകിയത് മുൻ കേന്ദ്രമന്ത്രി പി.ചിദംബരമാണെങ്കിലും, പിന്നീട് അതേ നിയമപ്രകാരം ചിദംബരത്തിന് പോലും അറസ്റ്റ് നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. അന്വേഷണം എന്ന പ്രക്രിയക്കപ്പുറം ആദ്യം തന്നെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി നീങ്ങുന്ന സമീപനമാണ് ഇഡിയുടേത്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ കേസുകളുള്ളത് അവർ നിലപാടുകളിൽ നിന്ന് മാറാൻ തയാറാകാത്തതുകൊണ്ടാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമപരമായ അന്വേഷണങ്ങളെ എതിർക്കുന്നില്ലെന്നും എന്നാൽ ഇഡിയുടെയും മാധ്യമങ്ങളുടെയും സമീപനം രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു.
കേസ് പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സിപിഎം എതിർക്കുന്നത്. അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തി ഇഡി വാർത്താക്കുറിപ്പുകൾ ഇറക്കുന്നത് അസാധാരണവും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതുമാണ്. റെയ്ഡുകളിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ചിലരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മകളുടെ വിവാഹം മുടക്കുമെന്ന് പോലും ഭീഷണിപ്പെടുത്തിയതായും ഹവാല ആരോപണങ്ങൾ ഇഡി പടച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ലാവ്ലിൻ കേസിനെക്കുറിച്ചും കരുവന്നൂർ ബാങ്ക് വിഷയത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, ലാവ്ലിൻ എന്ന് പറഞ്ഞൊരു കേസ് നിലവിലില്ലെന്നും നാണക്കേട് കൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ പോലും പോകാൻ മടിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക് തിരിക്കുന്നു.
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായാണ് അദ്ദേഹം നിർണായക കൂടിക്കാഴ്ച നടത്തുന്നത്. ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിന് അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സമാധാന ചർച്ചകൾ നടക്കുന്നത്.
ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുൻപ് ഈ കൂടിക്കാഴ്ച നടക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിംഗും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്താനും അതുവഴി ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള വഴികൾ ചർച്ച ചെയ്യാൻ അവസരമൊരുങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഉള്ളത്.
International
ബെയ്ജിംഗ്: കായികചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് മാനവരാശിയെ അമ്പരപ്പിച്ചിരിക്കുകയാണ് റോബോട്ടുകൾ. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ നടക്കുന്ന രണ്ടാമത് ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന്റെ ഒന്നാം ദിനത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ഉസൈൻ ബോൾട്ടിന്റെ പേരിലുള്ള ചരിത്രപരമായ വേഗറിക്കാർഡും ഹാവിയർ സോട്ടോമയറിന്റെ ഹൈജംപ് റിക്കാർഡും തകർത്തെറിഞ്ഞിരിക്കുകയാണ് റോബോട്ടുകൾ.
ബെയ്ജിംഗ് നാഷണൽ സ്പീഡ് സ്കേറ്റിംഗ് ഓവലിൽ 16 രാജ്യങ്ങളിൽനിന്നായി 666 ടീമുകളും 2,056 റോബോട്ടുകളും പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ കായികമാമാങ്കം സാങ്കേതികവിദ്യയുടെ ലോകത്തെ പുതിയ ചരിത്രമാകുകയാണ്. 51 ഇനങ്ങളിലാണു മത്സരം.
2009ൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡ് എന്ന റിക്കാർഡാണ് ബെയ്ജിംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'എക്സ്-ഹ്യൂമനോയിഡ്' വികസിപ്പിച്ച റോബോട്ട് തകർത്തത്. വെറും 9.39 സെക്കൻഡിൽ റോബോട്ട് 100 മീറ്റർ ഫിനിഷ് ചെയ്തു. ഗെയിംസിനു മുന്നോടിയായുള്ള ട്രയലിൽ പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓണറിന്റെ റോബോട്ട് 9.32 സെക്കൻഡിൽ ഓടിയെത്തി ഞെട്ടിച്ചിരുന്നു.
ഹൈജംപിൽ ക്യൂബൻ താരം ഹാവിയർ സോട്ടോമയർ 1993ൽ സ്ഥാപിച്ച 2.45 മീറ്റർ എന്ന ലോക റിക്കാർഡ് മറികടന്ന് റോബോട്ട് 2.88 മീറ്റർ ഉയരത്തിലേക്കു ചാടിയാണ് പുതിയ റിക്കാർഡ് കുറിച്ചത്.
മാസ് എൻട്രിയും ക്രിസ്റ്റ്യാനോയുടെ 'സീ' സെലിബ്രേഷനും
കായിക ഇനങ്ങൾ മാത്രമല്ല, കണ്ണിന് കുളിർമയേകുന്ന കലാപ്രകടനങ്ങളും ഗെയിംസിന് മാറ്റുകൂട്ടി. നൂറുകണക്കിന് റോബോട്ടുകൾ അണിനിരന്ന മാർച്ച് പാസ്റ്റും ചെണ്ടമേളവും ഉദ്ഘാടനച്ചടങ്ങിന് ഗാംഭീര്യമേകി.
ടേബിൾ ടെന്നീസ്, ബോക്സിംഗ് എന്നിവയ്ക്കൊപ്പം ഫുട്ബോളിലും റോബോട്ടുകൾ തിളങ്ങി. ഗോൾ അടിച്ചതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിഖ്യാതമായ 'സീയു' സ്റ്റൈൽ ആഘോഷം റോബോട്ട് അനുകരിച്ചത് കാണികളെ ത്രസിപ്പിച്ചു. തായ് ചി ആയോധനകലയും വീട്ടുജോലികളും വരെ റോബോട്ടുകൾ അനായാസം ചെയ്തു കാണിച്ചു.
റോബോട്ടിക്സ് രംഗത്തു ചൈന കൈവരിച്ച വൻ മുന്നേറ്റത്തിന്റെ വിളംബരമാണ് ഈ റോബോട്ട് ഒളിമ്പിക്സ്. ശാസ്ത്രവും സാങ്കേതികവിദ്യയും പരമ്പരാഗത കായിക ശേഷികളെപ്പോലും മറികടക്കുന്ന പുതിയൊരു കാലത്തിലേക്കാണ് ലോകം വാതിൽ തുറക്കുന്നത്.
ഒളിമ്പിക് ചാമ്പ്യനോട് നേർക്കുനേർ പോരാടി റോബോട്ട്
രണ്ടാം ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഒളിമ്പിക് ടേബിൾ ടെന്നീസ് ചാമ്പ്യൻ ഡിംഗ് നിംഗും ഹ്യൂമനോയിഡ് റോബോട്ടും തമ്മിൽ നടന്ന ടേബിൾ ടെന്നീസ് പോരാട്ടം. ഉദ്ഘാടനച്ചടങ്ങിൽ നടന്ന ഈ പ്രദർശന മത്സരത്തിൽ കാണികളെ അമ്പരപ്പിച്ചുകൊണ്ടാണ് റോബോട്ടിന്റെ കായികക്കരുത്ത് പ്രകടമായത്.
'അഗിബോട്ട് എക്സ്പെഡിഷൻ എ3' എന്ന റോബോട്ടാണ് ഒളിമ്പിക് സ്വർണമെഡൽ ജേതാവിനെതിരേ ടേബിൾ ടെന്നീസ് ബോർഡിൽ അദ്ഭുതം സൃഷ്ടിച്ചത്. പ്രത്യേകം തയാറാക്കിയ 'സ്പൈക് പിംഗ്പോംഗ്' എന്ന അൽഗോരിതത്തിന്റെ കരുത്തിലാണ് ഈ റോബോട്ടിന്റെ പ്രവർത്തനം.
മനുഷ്യരുടെ നിയന്ത്രണമോ മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റുകളോ ഇല്ലാതെ പൂർണമായും സ്വയം ചിന്തിച്ചാണ് റോബോട്ട് പന്ത് തിരിച്ചടിച്ചത്.
റോബോട്ടിൽ കണ്ണുകൾ ഘടിപ്പിക്കുന്നതിനു പകരം കോർട്ടിനു ചുറ്റും സ്ഥാപിച്ച 10 ഹൈ-സ്പീഡ് മോഷൻ-ക്യാപ്ചർ കാമറകൾ വഴിയാണ് പന്തിന്റെ ദിശയും വേഗതയും റോബോട്ട് മനസിലാക്കിയത്.
ഇതാദ്യമായാണ് ടേബിൾ ടെന്നീസ് റോബോട്ട് ഗെയിംസിൽ ഔദ്യോഗിക മത്സര ഇനമായി ഉൾപ്പെടുത്തുന്നത്. 12 ടീമുകളാണ് ഈ ഇനത്തിൽ അണിനിരന്നത്.
Kerala
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പും ചുമത്തി. നാല് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്ന് യുവതി കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു.
കൗണ്‍സിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്‍കുകയും ചെയ്തു. പിന്നാലെയാണ് ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പ് ചുമത്തിയത്. പരാതി നല്കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പോക്സോ ചുമത്താന്‍ പോലീസ് തയാറായത്.
ഭര്‍ത്താവ് കുഞ്ഞിനു മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.
കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി.
ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണു സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ് സൈറ്റുകള്‍ക്കു ഭര്‍ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിംഗിനു വിധേയമാക്കിയെങ്കിലും പിന്നീടും മര്‍ദനമേല്‍ക്കേണ്ടി വന്നുവെന്നു യുവതി മൊഴി നല്കി.
10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അശ്ലീല വിഡീയോകള്‍ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നെന്നും കുളിമുറിയില്‍ ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്കി.
നഗ്നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി.
കൗണ്‍സലിംഗ് നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്‍ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില്‍ താല്പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്‍സലിംഗിനിടെ ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്കി.
Kerala
പത്തനംതിട്ട: കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമിച്ച പൂജാരിയെ അറസ്റ്റു ചെയ്തു. ഇലന്തൂർ പൂക്കോട് ഗുരുമന്ദിരത്തിനു സമീപം മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോൻ (52) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63)-നേരേയാണ് പൂജാരിയായ ബിജുമോൻ അതിക്രമം നടത്തിയത്.
പതിവുപോലെ ക്ഷേത്രം തുറന്ന് വൃത്തിയാക്കുകയായിരുന്നു വിജയമ്മ. ക്ഷേത്രത്തിന് കുറച്ചുമാറി ഇരുചക്രവാഹനം നിർത്തിയിട്ടശേഷം റബർത്തോട്ടം വഴി ഉള്ളിലെത്തിയ പ്രതി ക്ഷേത്രത്തിലെ പട്ടുടയാടയിൽ മുളകുപൊടി തട്ടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു. തുടർന്ന് സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയമ്മ കുതറിമാറി ബഹളംവച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പോലീസ് വിജയമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതകക്കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽകേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
International
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാൻ തയാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി വാഷിംഗ്ടണും ഓട്ടവയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ സംഭവവികാസങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെ ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തി.
കാനഡയുടെ തീരുമാനത്തെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് വിമർശിച്ചു. കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകൾക്കിടെ കാനഡ ഉറപ്പുകളിൽനിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
Kerala
കൊച്ചി: തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വാഹനമോടിച്ച ഫ്രിജോ, ലോനച്ചന് എന്നിവരുടെ ലൈസന്‍സ് എംവിഡി സസ്പെന്‍ഡ് ചെയ്തു. അങ്കമാലിയില്‍ ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.
ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളജുകളില്‍ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു.
ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സമാനമായ തരത്തിൽ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആലുവയിലും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ കോളജിലെ ദൃശ്യങ്ങളും എംവിഡി പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലും ഒഡീഷ - ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Kerala
ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരിൽ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങളാണ് നടക്കുന്നത്. പുലർച്ചെ നാലു മുതൽ വിവാഹങ്ങൾ ആരംഭിച്ചു.
വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതൽ കോയ്മമാരും സജ്ജം. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും റെഡിയായിക്കഴിഞ്ഞു.
ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കൺ നമ്പർ നൽകും. തുടർന്ന് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിന്റുകളിലും രാവിലെ മൂന്നരയോടെ പോലീസിനെ വിന്യസിച്ചു.
കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പോലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്തിയിലുള്ള പോലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പോലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്.
International
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം അനിശ്ചിതത്വത്തിൽ. അദ്ദേഹം ഈയാഴ്ച വരുമെന്നു കേട്ടിരുന്നെങ്കിലും ഇതുവരെ ഇരുഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പൊന്നുമില്ല. ഇന്ത്യ ഷെയ്ക്ക് ഹസീനയ്ക്ക് അഭയം നല്കിയ വിഷയമാണ് തടസമെന്നാണ് സൂചന.
ഷെയ്ക്ക് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്ന് അനുകൂല പ്രതികരണമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ രണ്ടു ക്ഷണക്കത്തിനും കാര്യമായ പ്രതികരണം ബംഗ്ലാദേശ് പക്ഷത്തുനിന്നില്ല.
National
ന്യൂഡൽഹി: സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടി മോശം വാക്ക് ഉപയോഗിച്ചാൽ സംസ്കാര ശൂന്യത എന്നാണ് പറയുന്നത്. പെൺകുട്ടികളുടെ മനസിലുള്ള ഭയം മാറ്റണം. പുരുഷമേധാവിത്വം തകർക്കണം. ഇതാണ് തന്റെ സന്ദേശമെന്നും പൂനെയിൽ ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.
ഇതിനിടെ പൂനെയിലെ കോളേജിൽ എബിവിപി എൻ എസ് യു ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ച പൂനെ പോലീസ് പിന്നീട് 30 നിബന്ധകളോടെ അനുമതി നൽകിയിരുന്നു. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ പണംകൊടുത്ത് പരിപാടിക്കെത്തിക്കുന്നു എന്നാരോപിച്ച ബിജെപി, കോണ്‍ഗ്രസ് പ്രവർത്തകന്റെ ശബ്ദ സന്ദേശവും പുറത്തുവിട്ടു.
SUNDAY DEEPIKA
എന്റെ കുട്ടിക്കാലത്ത് ഓണത്തിനാണ് പൊതുവേ പുതിയ ഷര്‍ട്ടും ട്രൗസറുമൊക്കെ ലഭിക്കുന്നത്. അച്ഛനുമമ്മയും മാത്രമല്ല, അമ്മാവനും മറ്റ് ബന്ധുക്കളും ഓണക്കോടി വാങ്ങിത്തരും. പുതിയ തുണിത്തരങ്ങളുടെ ഒരു സുഗന്ധമുണ്ടല്ലോ, ഓണക്കോടിയുടെ ആ ഗന്ധമാണ് എന്റെ ഓണസ്മരണകളില്‍ ആദ്യം കടന്നുവരുന്നത്. ഇന്നത്തെപോലെ ഇഷ്്ടംപോലെ ടെക്സ്റ്റൈല്സും റെഡിമെയ്ഡ് തുണിത്തരങ്ങളും ഉള്ള കാലമല്ല. ഷര്‍ട്ടിനും മറ്റുമുള്ള തുണിത്തരങ്ങള്‍ എടുത്ത് തയ്യല്‍ക്കടയില്‍ കൊടുക്കുകയാണ് പതിവ്. പിന്നീട് ഈ ഓണക്കോടിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്.
ഓണക്കാലത്ത് തയ്യല്ക്കടയിലൊക്കെ നല്ല തിരക്കാണ്. അതുകൊണ്ട് ഓണം കഴിഞ്ഞാവും ചിലപ്പോള്‍ പുതിയ ഉടുപ്പ് തയ്ച്ചു കിട്ടുക! അന്ന് തയ്യല്‍ക്കടകളും കുറവാണ്. തമ്പുരാന്‍മുക്ക് റോഡില്‍ ശേഖരന്റെ ഒരു തയ്യല്‍ക്കടയുണ്ട്. അതാണ് ഞങ്ങളുടെ തയ്യല്‍ക്കട. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം തന്നെ ഇപ്പോള്‍ മാറിക്കഴിഞ്ഞു. വലിയ വീടുകളും കടകളുമൊക്കെയായി.
ഓണക്കളികളുടെ ഹര്‍ഷാരവം
ഗൗരീശപട്ടത്തുള്ള എന്റെ വീടിന്റെ (കീഴതില്‍ വീട്) മുന്നില്‍ അന്ന് നിറയെ നെല്‍വയലാണ്. കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന പാടങ്ങള്‍. ഓണക്കളികളെല്ലാം പ്രധാനമായും ഈ പാടങ്ങളിലാണ്. കിളിത്തട്ട്, കുട്ടിയും കോലും, നാടന്‍ പന്തുകളി, ഊഞ്ഞാലാട്ടം, വടംവലി, കബഡി തുടങ്ങിയ നാടന്‍ കളികളാണ് ആണ്‍കുട്ടികള്‍ കൂടുതലും കളിക്കുക. എന്റെ അയല്‍ക്കാരും കളിക്കൂട്ടുകാരുമായ കൃഷ്ണന്‍കുട്ടി, സുകുമാരന്‍, അപ്പു, തങ്കപ്പന്, ഗോവിന്ദന്‍കുട്ടി എന്നിവരുമായി ചേര്‍ന്നാണ് എന്റെ ഓണക്കളികള്‍.
ഇതിനിടയില്‍ പറഞ്ഞോട്ടെ, തിരുവനന്തപുരം നഗരത്തിന്റെ ഭാഗമാണ് എന്റെ ജന്മനാടായ ഗൗരീശപട്ടം. എന്നാല്‍ എന്റെ കുട്ടിക്കാലത്തൊന്നും നാട്ടില്‍ ടാറിട്ട റോഡ് വന്നിട്ടില്ല. ചെമ്മണ് പാതയാണ്. വൈദ്യുതിയും എത്തിയിരുന്നില്ല. സന്ധ്യയാവുമ്പോള്‍ ഞങ്ങളുടെ വീടിനു മുന്നിലെ പോസ്റ്റിലെ മണ്ണെണ്ണ വിളക്കില്‍ മണ്ണെണ്ണ ഒഴിച്ച് വിളക്കു കത്തിക്കാനായി ഒരാള്‍ ഏണിയുമായി വരുന്നത് ഓര്‍ക്കുന്നു. അതുപോലെ വീടിനു മുന്നിലെ ചെമ്മണ്‍വഴിയില്‍ രണ്ടുനേരവും വെള്ളം ചീറ്റിക്കുന്ന രംഗവും മറന്നിട്ടില്ല. പൊടി പറക്കാതിരിക്കാന്‍ വേണ്ടിയാണിത്. മണ്ണും കല്ലും നിറഞ്ഞ ഈ വഴിയിലാണ് ഞാനും അയല്‍ക്കാരായായ എന്റെ കൂട്ടുകാരും ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുന്നത് !
അക്കാലത്ത് ബസുകളൊന്നും ഉണ്ടായിരുന്നില്ല. കാളവണ്ടിയും സൈക്കിളും, ലോറിയും, അപൂര്‍വം ചില കാറുകളും കടന്നുപോകും. വാഹനങ്ങള്‍ പോകുന്ന വഴിയിലാണ് ഞങ്ങളുടെ പന്തുകളി. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു തടസമേ ആയിരുന്നില്ല. ഞങ്ങളുടെ പന്തുകളിയ്ക്കനുസരിച്ച് വാഹനങ്ങള്‍ വേഗത കുറച്ചും, നിര്‍ത്തിയും ചിലപ്പോള്‍ ബ്രേക്കിട്ടുമൊക്കെ കടന്നുപോവുകയായിരുന്നു പതിവ്.
എന്നെ പഠിപ്പിച്ച് എൻജിനിയറാക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് അച്ഛന്. സ്വതവേ കര്‍ക്കശക്കാരനായിരുന്ന അച്ഛന് (തിരുവനന്തപുരം മുന്‍ മേയര്‍ ആര്. പരമേശ്വരന് പിള്ള) എന്റെ ആഘോഷപരിപാടികള്‍ തീരെ ഇഷ്ടമായിരുന്നുമില്ല. പലപ്പോഴും ഓണക്കളികള്‍ കഴിഞ്ഞെത്തുമ്പോള്‍ അച്ഛന്റെ കൈയില്‍നിന്നു നല്ല തല്ലും കിട്ടിയിരുന്നു. എങ്കിലും നീണ്ടുകിടക്കുന്ന പാടത്തും വഴിയിലുമെല്ലാം അടുത്ത ദിവസവും ഓണക്കളി തുടരും. ‘അച്ഛന് അടിച്ചാലെന്താ, ഓണം നന്നായി ആഘോഷിച്ചല്ലോ’ എന്ന ചിന്തയായിരുന്നു അന്ന് ഉണ്ടായിരുന്നത്.
അത്തപ്പൂക്കളമൊരുക്കലും കുറച്ച് കുറുമ്പുകളും
മുറ്റത്ത് അത്തപ്പൂക്കളമൊരുക്കുക, ഊഞ്ഞാലാടുക തുടങ്ങിയവയാണ് അന്ന് പെണ്‍കുട്ടികളുടെ ആഘോഷങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് പൂക്കളം തീര്‍ക്കാനുള്ള പൂക്കള്‍ ശേഖരിച്ചു കൊടുക്കുന്നത് ഞങ്ങള്‍ ആണ്‍കുട്ടികളുടെ ജോലിയായിരുന്നു. പൂക്കളത്തിനുള്ള പൂക്കള്‍ വീട്ടുപറമ്പില്‍ നിന്നും പറിച്ചെടുത്തിട്ടും തികയാതെ വരുമ്പോള്‍ അടുത്ത വീടുകളില്‍ നിന്നെല്ലാം പുഷ്പങ്ങള്‍ ശേഖരിക്കും. ഇവിടെ രസകരമായ ചില സംഭവങ്ങള്‍ കൂടി അരങ്ങേറും.
പൂക്കള്‍ പറിച്ചെടുക്കാനായി ഞങ്ങള്‍ കയറുന്നത് തീരെ ഇഷ്ടപ്പെടാത്ത അയല്‍ക്കാരുമുണ്ട്. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. ദിവസവും വെള്ളം നനച്ചും വളമിട്ടുമെല്ലാം പരിപാലിച്ചുപോന്ന ചെടികളിലെ പൂക്കള്‍ ഞങ്ങള്‍ കുട്ടികള്‍ നിര്‍ദാക്ഷിണ്യം അടര്ത്തുക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ കയറാതിരിക്കാനായി ചില അയല്‍ വീട്ടുകാര്‍ വീടിന്റെ ഗേറ്റ് ഭദ്രമായി പൂട്ടിവയ്ക്കും. അത്തരം വീടുകളുടെ മതില് ചാടിക്കടന്നാണ് ഞങ്ങള്‍ പൂക്കള്‍ പറിച്ചെടുക്കുക.
ഓമനിച്ചുവളര്‍ത്തിയ റോസാച്ചെടികളില്നിന്നു നല്ല ചുവന്ന റോസാപുഷ്പങ്ങളും പിന്നെ കുടംപോലെ നില്ക്കുന്ന മഞ്ഞ ചെത്തിപ്പൂക്കളും വലിച്ചുപറിച്ചെടുക്കുന്ന ഞങ്ങള്‍ കുറുമ്പന്മാരുടെ പിന്നാലെ വീട്ടുകാര്‍ ഓടി വരും. ‘ആരെടാ....’ എന്നുള്ള ആക്രോശം കേള്‍ക്കുമ്പോള്‍ പൂക്കളുമായി ഞങ്ങള്‍ മതില് ചാടി ഓടും. ‘ആന കരിമ്പിന്കാട്ടില് കയറിയ’ മട്ടില്‍ പൂന്തോട്ടവും തകര്‍ത്ത് ഞങ്ങള്‍ ഓടുമ്പോള്‍ പുറകില്നിന്നും ചിലര്‍ കല്ലെറിഞ്ഞിട്ടുമുണ്ട്. കല്ലേറു കൊള്ളും മുമ്പേ ഞങ്ങള്‍ ‘ഓണാഘോഷ കമ്മിറ്റി’ ബാലന്മാര് വീട്ടില്‍ എത്തിയിരിക്കും.
അതിവേഗതയില്‍ മതില് ചാടാനും ഓടാനും എന്റെ കൂട്ടുകാര്‍ക്കും എനിക്കും അന്നു കഴിഞ്ഞിരുന്നു. കാലം അതിവേഗം ഓടി മറഞ്ഞപ്പോള്‍ എന്റെ കളിക്കൂട്ടുകാരില്‍ പലരും എങ്ങോ മറഞ്ഞു. ഗൗരീശപട്ടത്തുതന്നെ ജീവിച്ചിരുന്ന ചിലരൊക്കെ മരണപ്പെട്ടു. മറ്റു പ്രദേശങ്ങളിലേക്ക് പോയവര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയുകയുമില്ല.
പുളിമരത്തിലെ ഊഞ്ഞാലാട്ടം
എന്റെ വീട്ടുമുറ്റത്ത് അന്ന് വലിയൊരു പുളിമരമുണ്ട്. ഓണം വരുമ്പോള്‍ പുളിമരത്തില്‍ വടം ഉപയോഗിച്ചാണ് ഊഞ്ഞാല് കെട്ടുക. ആ പ്രദേശത്ത് ഇത്തരത്തിലൊരു ഊഞ്ഞാല് വേറെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്തുള്ള കുട്ടികളൊക്കെ ഞങ്ങളുടെ വീട്ടിലാണ് ഊഞ്ഞാലാടാന്‍ വരിക. ‘മാവേലി നാടുവാണീടും കാലം...’ തുടങ്ങിയ ഓണപ്പാട്ടുകള്‍ പാടിയാണ് ഊഞ്ഞാലാട്ടം. ഊഞ്ഞാല്‍പ്പടി തലയ്ക്കുമേല്‍ ഉയര്‍ത്തി കുടമിടുക എന്ന ഒരു അഭ്യാസമുണ്ട്.
എന്റെ അനിയത്തിമാരുള്പ്പെടെയുള്ള കുട്ടികള്‍ കുടമിട്ടുകൊടുക്കാന് ആവശ്യപ്പെടും. ’പാവം കുട്ടികളല്ലേ ഒന്നു സഹായിക്കാം’ എന്നു കരുതി അവര്‍ ഇരിക്കുന്ന ഊഞ്ഞാല്‍പ്പടി തലയ്ക്കു മീതെ ഉയര്‍ത്തി പിടിക്കുമ്പോഴാകും അവര്‍ ഉരുണ്ട് താഴെ വീഴുക. അപ്പോള്‍ തന്നെ നാടുമുഴുവന്‍ കേള്‍ക്കെ നിലവിളിക്കാന്‍ തുടങ്ങും. ഊഞ്ഞാലില്‍നിന്നും ഞാന്‍ മന:പൂര്‍വം അവരെ തള്ളിയിട്ടു എന്ന് പറഞ്ഞാവും അലറിക്കരച്ചില്‍. അതിനും കിട്ടും അച്ഛനില്‍നിന്നും തല്ല്. അങ്ങനെ ഓണക്കളിയും ഓണത്തല്ലും നിറഞ്ഞതാണ് എന്റെ ഓണസ്മരണകള്‍.
ഓണസദ്യ
എല്ലാ വീടുകളിലും ഉള്ളതുപോലെ തിരുവോണത്തിനു വിഭവസമൃദ്ധമായ സദ്യ ഉണ്ടാകും. ഉത്രാടം തുടങ്ങി ചതയംവരെ നീളുന്ന നാല് ഓണത്തിനും ഓണത്തിന്റേതായ വിഭവങ്ങളൊക്കെ ഉണ്ടാവും. ഉത്രാടത്തിന്റെ അന്നാണ് ശര്‍ക്കരവരട്ടിയും ഉപ്പേരിയും അച്ചാറുകളുമൊക്കെ തയാറാക്കുന്നത്. പ്രധാന ഓണസദ്യ തിരുവോണനാളില്തന്നെ. അന്ന് വൈകിട്ടാണ് അത്തമിളക്കലും തുമ്പിതുള്ളലും.
മറുനാട്ടിലെ ഓണം
കുട്ടിക്കാലത്തെപോലുള്ള ഓണനാളുകളിലെ തിമിര്‍പ്പ് മുതിരുമ്പോള്‍ ഉണ്ടാവുകയില്ലല്ലോ. എന്നാലും ബിരുദപഠനം കഴിയുംവരെ വീട്ടില്‍ ഓണം സാധാരണപോലെ ആഘോഷിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നും ഹിന്ദി ബിഎ പാസായശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലാണ് ഞാന്‍ എംഎ പഠനം നടത്തിയത്. പിന്നീട് നാഗര്‍കോവില്‍ ഹിന്ദു കോളജിലും തുടര്‍ന്ന് നാഗര്കോവിലിലെതന്നെ സ്കോട്ട് ക്രിസ്ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി.
ഇക്കാലത്തൊന്നും നാട്ടിലെത്തുവാനോ അമ്മ (തങ്കമ്മ) വച്ചുവിളമ്പിയ ഓണസദ്യ ഉണ്ണാനോ സാധിച്ചിരുന്നില്ല. അക്കാലഘട്ടത്തില്‍ മറുനാടുകളില്‍ ഇന്നത്തെപ്പോലെ സംഘടനകളും മറ്റും ഓണാഘോഷങ്ങള്‍ നടത്തുന്ന പതിവുമുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന അവസരത്തില്‍ മലയാളി അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ ഓണാഘോഷം നടത്തിയിരുന്നു. അതില്‍ പങ്കെടുത്തിരുന്നു. അത്രമാത്രം.
സിനിമാ സെറ്റിലെ ലളിതമായ ഓണം
ചലച്ചിത്ര നടനായശേഷം മിക്കവാറും ഓണം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആയിരുന്നു. തിരുവോണത്തിനു സെറ്റിൽ ഓണസദ്യ ഒന്നും ഉണ്ടായിരിക്കില്ല. ഊണിനൊപ്പം മധുരമോ ഒരു പായസമോ കാണും. ആദ്യകാല സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വലിയ ഓണാഘോഷം നടന്നതായി എന്റെ ഓര്‍മയിലില്ല.
ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ള കാലത്തും തിരുവോണത്തിന് കണ്ണമ്മൂലയിലെ എന്റെ വസതിയായ ശിവഭവനില്‍ എത്തുവാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഭാര്യ തങ്കം (ജയലക്ഷ്മി), ഏക മകള്‍ ഉമ എന്നിവര്‍ക്കൊപ്പം ആയിരുന്നു തിരുവോണ സദ്യ. എന്റെ അമ്മൂമ്മയും അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലംവരെ തിരുവോണത്തിന് ഗൗരീശപട്ടത്തെ കുടുംബവീട്ടില്‍ പോകുന്ന പതിവും ഉണ്ടായിരുന്നു. തങ്കത്തിന്റെ വേര്‍പാടിനുശേഷം ഇപ്പോള്‍ മകള്‍ ഉമയ്ക്കും കുടുംബത്തിനും ഒപ്പമാണ് എന്റെ ഓണം.
National
തിരുവനന്തപുരം: മേഘാലയ അടക്കം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും ക്രൈസ്തവ മിഷനറിമാരുടെ പങ്ക് അവിസ്മരണീയമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുകള്‍ വരുന്നതിനു മുമ്പുതന്നെ ക്രൈസ്തവ മിഷനറിമാര്‍ അവരുടെ സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റും ഇല്ലാതിരുന്ന സമയത്തും അവര്‍ അതു ചെയ്തു എന്നതാണ് ശ്രദ്ധേയം. കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായി സ്കൂളുകള്‍ തുറന്നു. ഒരു ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും സര്‍ക്കാരില്‍ ഇല്ലാതിരുന്ന സമയത്ത് ആശുപത്രികള്‍ ആരംഭിച്ചു. യാതൊന്നും പ്രതീക്ഷിക്കാതെ അവര്‍ അവിടെ പ്രവര്‍ത്തിച്ചു.
ഒട്ടേറെ സിസ്റ്റര്‍മാരും വൈദികരും കേരളത്തില്‍നിന്നെത്തി തങ്ങളുടെ സംസ്ഥാനത്ത് ഇന്നും സേവനം ചെയ്യുന്നു. ഇതില്‍ സഹായമെത്രാന്‍ ഡോ. ജോസ് ചിറയ്ക്കല്‍, സിസ്റ്റര്‍ റോസ് എന്നിവരുടെ പേരുകള്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍റാഡ് സാംഗ്മ പറഞ്ഞു.
സിസ്റ്റര്‍ റോസ് ഗ്രാമവാസികളായ കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനും പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു.
തന്റെ പിതാവ് മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാഗ്മ ക്രിസ്റ്റ്യന്‍ മിഷന്റെ ഒരു ഉത്പന്നമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പിതാവിന് ഏഴോ എട്ടോ വയസുള്ളപ്പോഴായിരുന്നു മുത്തച്ഛന് മരിക്കുന്നത്. പിന്നീട് മിഷനറിമാരാണ് അദ്ദേഹത്തെ വളര്‍ത്തിയത്. ക്രൈസ്തവ മൂല്യങ്ങള്‍ അദ്ദേഹം പഠിച്ചു. നല്ല ക്രൈസ്തവനാകുന്നതിനല്ല, നല്ല മനുഷ്യനാകുന്നതിനാണ് മിഷനറിമാര്‍ തന്റെ പിതാവിനെ പഠിപ്പിച്ചത്. തന്റെ പിതാവ് നേടിയതെല്ലാം ഈ മിഷനറിമാരില്നിന്നു പഠിച്ചതാണ്. ഇന്ന് താന്‍ ഇവിടെ നില്‍ക്കുന്നത് ആ അനുഗ്രഹത്തിന്റെ ഒരു തുടര്‍ച്ചയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ആരംഭിച്ച സേവനങ്ങളുടെ തുടര്‍ച്ച ഇന്നുമുണ്ട്. ഒരാള്‍ക്ക് ഒരു സഹായം ചെയ്യുന്നതാണ് ഏറ്റവും വലിയ സേവനമെന്ന് അദ്ദേഹം പഠിപ്പിച്ചു. വൈദികരോ സന്യസ്തരോ സിസ്റ്റര്‍മാരോ പൊതുപ്രവര്‍ത്തകരോ ആകട്ടെ, എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. നാം വ്യത്യസ്തമായ രീതിയില്‍ ചെയ്യുന്നുവെന്നു മാത്രം.
നമ്മുടെ ജനത്തിനും രാജ്യത്തിനുമായാണ് എല്ലാം ചെയ്യുന്നത്. ഇതാണ് ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യം. ഇതാണ് പ്രചോദനാത്മകമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ചെയ്യുന്നതും. മാര്‍ ക്ലീമിസ് കാതോലിക്കാബാവയ്ക്ക് തന്റെ പിതാവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. താന്‍ ഇവിടെ എത്തുന്നതിന് അതും കാരണമായെന്നും കോണ്‍റാഡ് സാംഗ്മ പറഞ്ഞു.
SUNDAY DEEPIKA
പൊരിവയറുമായി കടലിനെ നോക്കി കുടിലുകളിലിരിക്കുന്ന പാവപ്പെട്ടവർ. ഇറ്റു കഞ്ഞിവെള്ളം വറ്റൽമുളകും ഉള്ളിയുമിട്ടു മോന്തിക്കുടിച്ചാണ് വീടുപോറ്റാൻ ആണുങ്ങൾ കടലിൽ പോവുക. ആഴ്ചയില്‍ രണ്ടു മൂന്നു നേരംമാത്രം ചോറ് കഴിച്ചിരുന്ന കടലോര ജനത. ഓണത്തിനെങ്കിലും അടുപ്പു പുകയാനുള്ള വകതേടി ആലപ്പുഴ വാടയ്ക്കലിൽനിന്ന് വള്ളത്തിൽ പോയ 23 പേരെ കടല്‍ വിഴുങ്ങിയ ദുരന്തത്തിന്റെ അന്‍പതാം വാര്‍ഷികമാണിന്ന്.
1976 ഓഗസ്റ്റ് 23 തിങ്കൾ. അതിഭയാനക സംഭവത്തിന്റെ ഓര്മത്തിരയേറ്റത്തിൽ നൊന്തുനീറുന്ന ഒരു ജനത ഇപ്പോഴും വാടയ്ക്കലിലുണ്ട്. കടലിന്റെ കനിവുതേടിപ്പോയ 24 പേരിൽ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ഒരാളുടെ മൃതദേഹം മാത്രമാണ് ഇടവകപ്പള്ളിയിൽ സംസ്കരിക്കാനായത്. മൂന്നു നാലു ദിവസങ്ങള്‍ക്കുശേഷം വിവിധ തീരങ്ങളില്‍ അടിഞ്ഞവ തിരിച്ചറിനാവാത്ത വിധം ജീര്‍ണിച്ചിരുന്നതിനാല്‍ അവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു.
ഉണ്ണാനുള്ള വകയുമായി അപ്പച്ചൻ വന്നില്ല
വാടയ്ക്കല്‍ കാക്കരിയില്‍ അഗസ്റ്റിന്റെ മകന് ഇമ്മാനുവലിന് അന്ന് 13 വയസ്. അമ്മ സ്റ്റെല്ലയും മേരി ഗ്രേസി, മേബിൾ, ഗ്ലോസിക്ക എന്നീ സഹോദരിമാരുമുള്ള കുടുബത്തിന്റെ ഏക വരുമാനം അപ്പച്ചൻ പിടിക്കുന്ന ചൂണ്ടമീനായിരുന്നു. ഓണത്തിന് ഒരു നേരം നിറയെ ഉണ്ണാനുള്ള വക കടലമ്മ തരാതിരിക്കില്ല. കടല്‍ ശാന്തമായിരുന്നതിനാല്‍ അവർ നല്ല കൊയ്ത്തിനായി കാത്തിരുന്നു.
അപ്പച്ചന് രാത്രി പുലരും മുന്‍പേ ഇറങ്ങിത്തിരിച്ചത് ഇപ്പോള്‍ 63 വയസുള്ള ഇമ്മാനുവലിന്റെ ഓർമയിലെ നീറുന്ന നൊമ്പരമാണ്. ആറു പേര്‍ക്ക് കയറാവുന്ന തടിവള്ളത്തിലാണ് അപ്പച്ചനും കൂട്ടരും പോകുന്നത്. അത്തരത്തില്‍ അഞ്ചു വള്ളങ്ങളാണ് വാടയ്ക്കല്‍ മത്സ്യഗന്ധി തീരത്തുനിന്ന് പുലര്‍ച്ചെ നാലോടെ പുറപ്പെട്ടത്. പായ കെട്ടി കാറ്റിന്റെ ഗതി നോക്കിയാണ് വള്ളമിറക്കുന്നത്. കരയില്‍നിന്ന് കടലിലേക്ക് കാറ്റു വീശുമ്പോള്‍ വള്ളമിറക്കും. തിരിച്ചാവുമ്പോള്‍ വള്ളം കരയ്ക്കെത്തിക്കും.
പുലര്‍ച്ചെ ശാന്തമായിരുന്ന കടലിന്റെ ഭാവം പൊടുന്നനെ മാറി. 11.30 ഓടെ അറപ്പപ്പൊഴിക്കും വാടപ്പൊഴിക്കും മധ്യേ കടല്ക്കാറ്റിന് ഭ്രാന്തുപിടിച്ചു. കാറ്റ് തീരമണൽ മാത്രമല്ല പച്ചമണ്ണിനെവരെ ചുഴറ്റിയെടുത്ത് കുടിലുകളിലിരുന്നവരുടെ മുഖത്തെറിഞ്ഞു. മാനവും തീരവും കറുത്തിരുണ്ടു. ഉറഞ്ഞുതുള്ളിയ കടലിനെ കാറ്റ് മണല്‍കൊണ്ട് ആവരണം ചെയ്തു. ആധി പൂണ്ടവർ ഉറ്റവരുമായി വള്ളം ഉടനേ കര പറ്റണമേയെന്ന് പ്രാര്‍ഥിച്ചിരുന്നു. കാത്തിരിപ്പ് ഏറെയേറെ നീണ്ടെങ്കിലും അപ്പച്ചന് തിരിച്ചെത്തിയില്ല.
കടലാഴങ്ങളിലേക്ക് എറിയപ്പെട്ട അപ്പച്ചന്റെ അഴുകിച്ചീർത്ത മൃതദേഹം ചവറ തീരത്ത് അടിഞ്ഞെന്നറിഞ്ഞെങ്കിലും ഒരു നോക്കു കാണാൻ ആരും അനുവദിച്ചില്ല. വിയർപ്പുകൊണ്ട് വീടു പോറ്റിയിരുന്ന അപ്പച്ചനെ തീരത്തുതന്നെ സംസ്കരിക്കുകയായിരുന്നു. പിതാവിന്റെ അകാലമരണം മൂന്നാം ക്ലാസുകാരനായിരുന്ന ഇമ്മാനുവലിനെ നയിച്ചത് അനന്തമായ ശൂന്യതയിലേക്കാണ്. അന്നം തരാനും അഭയം തരാനും ആരുമില്ല. പരസ്പരം സഹായിച്ചിരുന്ന കുടുബങ്ങളിലെ എല്ലാമായിരുന്നവരെ കടല്‍ കവര്‍ന്നു.
വിശപ്പടക്കാന്‍ ഒന്നുമില്ല. കശുമാങ്ങ കൊത്തിപ്പറിക്കുന്ന കാക്കയുടെ പിറകേയോടി കാക്ക തിന്ന ഭാഗം കടിച്ചുമാറ്റി ശേഷിച്ചതു വീട്ടിൽ അഞ്ചാൾകൂടി പകുത്തുതിന്ന അനുഭവങ്ങള്‍. വറ്റു ചോറില്ലാതെ മീന്‍ വറ്റിച്ചും ചുട്ടും തിന്ന കാലം. കടലില്‍ പോയി മടങ്ങിവരുന്നവരുടെ മിച്ചം കഞ്ഞി അവരെ കാത്തിരുന്നു യാചിച്ചു വാങ്ങിക്കഴിച്ച് വിശപ്പടക്കിയ ദിനങ്ങള്‍. നാണം മറയ്ക്കാന്‍, തുളയും തുന്നലും നിറഞ്ഞ ഒരേയൊരു നിക്കര്‍. മൂന്നാം ക്ലാസില്‍ പഠനം ഉപേക്ഷിക്കുമ്പോള്‍ ഇമ്മാനുവലിനു വിശപ്പടക്കാനുള്ള ഏക മാര്‍ഗംകൂടി അടയുകയായിരുന്നു- സ്കൂളിലെ ഉപ്പുമാവ്.
കാക്ക കൊത്തിയിടുന്ന കശുവണ്ടി പെറുക്കി കടയില്‍ കൊടുത്ത് ഇടിയന്കപ്പ വാങ്ങിപ്പൊടിച്ച് ഉപ്പുമാവുണ്ടാക്കി. വൈകാതെ അപ്പച്ചന്റെ ചുമതല തോളിലേറ്റി കടലില്‍ ചൂണ്ടപ്പണിക്ക് പോയിത്തുടങ്ങി. തൊണ്ട് അഴുകാന്‍ കാത്തുനില്‍ക്കാതെ അമ്മ പച്ചതൊണ്ടു തല്ലി ചകിരി വിറ്റ് അരിക്കു വകതേടി.
ലോറൻസിന്റെ പായ കയറിയില്ല
പായ വച്ച വള്ളങ്ങളിലാണ് ചൂണ്ടപ്പണിക്ക് കടലിലേക്ക് വള്ളങ്ങൾ പോവുക. വിവിധ നിറങ്ങളിലുള്ള തുണിയാണ് പായ ആയി കെട്ടുന്നത്. കരയിലിരിക്കുന്നവര് വള്ളത്തിലെ പായയുടെ നിറം നോക്കിയാണ് കരയിലേക്കു വരുന്ന വള്ളം ഏതെന്നു തിരിച്ചറിയുക.
തണ്ടും പായയും വലിച്ചാണ് മീന്‍ പിടിക്കാന്‍ വള്ളങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്. തുഴ ഉപയോഗിച്ച് തുഴയുന്നതിനെയാണ് തണ്ടു വലിക്കുക എന്നു പറയുക. കാറ്റുള്ള സമയമാണെങ്കില്‍ പായ ഉപയോഗിച്ചാണ് വള്ളങ്ങള്‍ പോകുന്നത്. ചൂണ്ടയില്‍ കുടുങ്ങുക ഏട്ട, സ്രാവ്, കൂരി, തെരണ്ടി തുടങ്ങിയ മീനുകളായിരിക്കും.
ആ മഹാദുരന്ത ദിവസം, ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന തയ്യില്‍ ബേബിച്ചന് തന്റെ അപ്പച്ചന് ലോറന്‍സിനെ കാത്ത് വാടയ്ക്കല്‍ തീരത്തെ തിരകളെ നോക്കി നിന്നെങ്കിലും അപ്പച്ചന്റെ പായ കയറിലില്ല. അപ്പച്ചനെയും കടല്‍ വിഴുങ്ങിയെന്നു വിശ്വസിക്കാന്‍ ഏറെ സമയമെടുത്തു. അമ്മ മേരിയും രണ്ടു സഹോദരങ്ങളുമുള്ള കുടുംബം പോറ്റാന്‍ ഏഴാം ക്ലാസില്‍ ബേബിച്ചന് പഠനം നിർത്തി ചൂണ്ടയ്ക്കു പോയിത്തുടങ്ങി.
National
ജയ്പുർ: രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾ സ്വന്തമായി കെട്ടിടങ്ങളില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. 2025-26 വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതിൽ പത്തു ഗേൾസ് സ്കൂളുകളും ഉൾപ്പെടുന്നു.
ജയ്പുരിൽ മാത്രം 38 സ്കൂളുകൾക്ക് കെട്ടിടമില്ല. ഝാലാവറിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ-23 എണ്ണം. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല.
അതേസമയം, സംസ്ഥാനത്തെ 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദമുണ്ടായി.
അതേസമയം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 550 കോടി രൂപയും കെട്ടിടമില്ലാത്തതും ജീർണിച്ചതുമായ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 450 കോടി രൂപയും വകയിരുത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, വിവിധ ഫണ്ടുകൾ വഴി പ്രതിവർഷം 2,500 കോടി രൂപ വീതം അടുത്ത അഞ്ചു വർഷത്തേക്ക് സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കായി ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഗ്രൗണ്ട് ആത്മീയനിറവില്‍ പ്രശോഭിച്ചു. കരുതലും കാരുണ്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങൾ സ്നേഹപൂർവം ജൂബിലി മംഗളങ്ങൾ നേർന്നു. മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെ യും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയുടെയും സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. രണ്ടു മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയനേതാക്കൾ ആശംസയർപ്പിക്കാൻ ഒത്തുചേര്‍ന്നു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷസമാപനം പ്രൗഢോജ്വലമായി.
മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷചടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്വത്തിന്റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനില്ക്കുന്നുവെന്ന പ്രാര്‍ഥനാമന്ത്രം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അല്മായരും സന്യസ്തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.
സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക ബലിവേദിയില്‍ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുര്‍ബാനയ്ക്കു മുമ്പു കാതോലിക്കാ ബാവയെയും വിശ്വാസികളെയും മലങ്കര കത്തോലിക്ക എപ്പിസ്കോപ്പല്‍ സുനഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് സ്വാഗതം ചെയ്തു. തുടര്‍ന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാര്‍മികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയില്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കി. ദൈവം തെരഞ്ഞെടുത്ത ഏറ്റവും വിശ്വസ്തനായ ശിഷ്യനാണ് മാര്‍ ക്ലീമിസെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചു ദൈവരാജ്യം പ്രസംഗിക്കുന്ന വലിയ ഇടയനാണ് അദ്ദേഹമെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ചൂണ്ടികാട്ടി. ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആശംസ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍. ആഡ്രീയ ഫ്രാന്‍സിയ വായിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍നിന്നും വിശുദ്ധ പൗലോസിന്റെ ലേഖനത്തില്‍നിന്നും വചനങ്ങള്‍ പങ്കുവച്ച് സദസിന്റെ മനസില്‍ ഇടംതേടുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്്മ മുഖ്യാതിഥിയായിരുന്നു.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരന്, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘സ്നേഹപൂർവം’ പദ്ധതികൾ
ജൂബിലിയുടെ ഭാഗമായി മലങ്കര കത്തോലിക്കസഭ നിര്‍മിച്ചുനല്‍കുന്ന ‘സ്നേഹപൂർവം’നാല്പതു ഭവനങ്ങളിൽ ഒരു വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍വഹിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ജേതാവായ മാര്‍ ഈവാനിയോസ് കോളജ് വിദ്യാര്‍ഥി മുഹമ്മദ് ബാസിലിനെ മുഖ്യമന്ത്രി ആദരിച്ചു.
സ്നേഹപൂര്‍വം വിദ്യാജ്യോതിയുടെ ഉദ്ഘാടനം മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നിര്‍വഹിച്ചു. എം.എ. യൂസഫലി സ്നേഹപൂര്‍വം വിദ്യാജ്യോതിക്കുവേണ്ടി ഒരു കോടി രൂപ സദസിൽവച്ചു പ്രഖ്യാപിച്ചു.
SUNDAY DEEPIKA
“മാനം കാണാവുന്ന കുടിലുകള്‍ക്കുള്ളില്‍ അലമുറയും നിലവിളിയുമാണ്. കരഞ്ഞു കണ്ണീര് വറ്റിയ അമ്മമാരും ഭാര്യമാരും കൂപ്പുകൈകളോടെ വിതുമ്പിക്കഴിയുന്നു. അച്ഛന്മാരെ കാണാഞ്ഞ് കരഞ്ഞ കുട്ടികള്‍ ചാണകം മെഴുകിയ നനഞ്ഞ തിണ്ണയുള്ള പുരയ്ക്കകത്ത് തളര്‍ന്നു കിടന്നുറങ്ങുന്നു.” 1976 ഓഗസ്റ്റ് 23ന് ആലപ്പുഴ വാടയ്ക്കൽ ദുരന്തത്തെക്കുറിച്ചുള്ള പത്രവാര്‍ത്തയിലെ വരികളാണിത്. 23 മത്സ്യത്തൊഴിലാളികളെ നഷ്ടമായത് ആ കറുത്ത തിങ്കളാഴ്ചയാണ്.
ചിങ്ങമാസത്തെളിവ് നിലാവുപോലെ മാനത്ത് കണ്ടുതന്നെയാണ് നാല്പതോളം പേര് ചൂണ്ടയ്ക്ക് പോയത്. ആറേഴു പേര്‍ക്ക് പോകാവുന്ന വള്ളങ്ങളില്‍ മച്ചുപായ കെട്ടി തണ്ടുവലിച്ചാണ് പോവുക. കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പരിചയസമ്പത്തിന്റെ ബലത്തിലും മാനം നോക്കിയും പരപ്പു നോക്കിയുമാണ് കടലില്‍ പോയിരുന്നത്. മാനം കറുത്ത് കടല്പ്പരപ്പില് കരി പുരളുന്നതു കണ്ട നാലുപേര്‍ തിരികെ തുഴഞ്ഞു. വൈകുന്നേരം അവര്‍ കര തൊടുമ്പോള്‍ കടലില്‍ ഉയര്‍ന്ന കാറ്റും കോളും കരയില്‍ പേമാരിയായി മാറിയിരുന്നു.
ആ സായാഹ്നം മുതല്‍ നാലഞ്ചു ദിനരാത്രങ്ങള്‍ കടലോരഗ്രാമത്തില്‍ നെഞ്ചിടിപ്പും നിലവിളിയും മാത്രമായി. പിറ്റേന്നു പുലര്‍ച്ചെ ഒരു അച്ഛനും നാല് മക്കളും അവരുടെ ഒരു അയല്‍വാസിയും നടുക്കടലില്‍ മറിഞ്ഞുപോയ വള്ളത്തില്‍നിന്നു വേര്‍പ്പെട്ട പായമരത്തില്‍ പിടിച്ചുകിടന്ന് പൊങ്ങിത്താണ് മണിക്കൂറുകള്‍ക്ക് ശേഷം പുറക്കാട് പുന്തല തീരം പറ്റി. രക്ഷാപ്രവര്‍ത്തനത്തിന് വള്ളങ്ങളില്‍ പുറപ്പെട്ടവര്‍ അർധപ്രാണരായി വള്ളത്തില്‍ തൂങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ തിരമാല പൂന്തല, ചേന്നങ്കര എന്നിവിടങ്ങളിൽ തീരം കയറ്റിവിട്ടു. ശേഷിച്ച 24 പേരാണ് കരപറ്റാനുണ്ടായിരുന്നത്. പി.പി. ദാസ് എന്ന യുവാവിനെ കായംകുളം അഴിമുഖത്തിന് പത്ത് മൈല്‍ അകലെ ഫിഷിംഗ് ബോട്ടുകാര് കണ്ടെത്തി, മൂന്നാം ദിവസം കരയ്ക്കെത്തിച്ചു.
കരുനാഗപ്പള്ളി, ചവറ, കായംകുളം, പുറക്കാട്, പൂന്തല, ആയിരംതെങ്ങ്, ചെറിയതെങ്ങ് എന്നിവിടങ്ങളിലായി ഏഴു ശരീരങ്ങള്‍ കരയ്ക്കടിഞ്ഞു. തയ്യില്‍ കുടുംബത്തിലെ ലോറന്‍സ്, തമ്പി, ദേവസ്യ എന്നിവരുടെ മാത്രം മൃതദേഹങ്ങള്‍ തിരിച്ചറിയാനായി. ആറു മൃതദേഹങ്ങള്‍ തീരത്താണ് സംസ്കരിച്ചത്. ചവറയില്‍ അടിഞ്ഞ തയ്യില്‍ ദേവസ്യയുടെ മൃതദേഹം മാത്രമാണ് 23ന് രാത്രി 10ന് പള്ളിയില്‍ സംസ്കരിച്ചത്. മരിച്ചവരില്‍ ഏഴുപേര്‍ വാഴക്കൂട്ടത്തില്‍ കുടുംബാംഗങ്ങളാണ്. രണ്ടു വീടുകളില്‍ അച്ഛനെയും മകനെയും നഷ്ടമായി. തയ്യില്‍ കുടുംബത്തിലെ അച്ഛനും മകനും മരുമകനും മരിച്ചു.
സര്‍ക്കാര്‍ ഇടപെടലുകള്‍
ഓഗസ്റ്റ് 24ന് ആഭ്യന്തരമന്ത്രി കെ. കരുണാകരന് വാടയ്ക്കല്‍ സന്ദര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണിയുമുണ്ടായിരുന്നു. നാല് ഹെലികോപ്റ്ററുകളും ഐഎന്‍എസ് കൃപാണ്‍ എന്ന നാവികസേനാ കപ്പലും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തായില്ല. റവന്യു മന്ത്രി ബേബി ജോണ്‍ ആലപ്പുഴ ടിബിയില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിപ്പിച്ചു. മന്ത്രിമാർ ഇരുവരും ആലപ്പുഴ അരമനയില്‍ ബിഷപ് മൈക്കിൾ ആറാട്ടുകുളത്തെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 രൂപ സഹായം ബേബി ജോണിന്റെ ഇടപെടലിനെ തുടര്‍ന്ന് 100 രൂപയാക്കി. പ്രദേശത്തെ 100 വീട്ടുകാര്‍ക്ക് മൂന്ന് ആഴ്ചത്തെ സൗജന്യറേഷന് അനുവദിച്ചു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം റിലീഫ് കമ്മിറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം കൊടുക്കാന്‍ ഒന്നര ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. മരണം സംഭവിച്ചവരുടെ വീടുകള്‍ മേഞ്ഞുനല്കാനുള്ള ചെലവ് ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഏറ്റെടുത്തു.
ആരോഗ്യ മന്ത്രി എന്‍.കെ. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം വാടയ്ക്കല്‍ കടപ്പുറത്ത് ഒരു മെഡിക്കല്‍ ബൂത്ത് സ്ഥാപിച്ചു. വീടുകളില്‍ തളര്ന്നുകിടന്നവരെ സര്‍ക്കാര്‍ വാഹനങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു ചികിത്സ നല്കി. കടൽക്ഷോഭത്തിൽ ജീവന് പൊലിഞ്ഞവരില്‍ 22 പേര് ദൈവജനമാതാ ഇടവകാംഗങ്ങളാണ്. ഇടവക സംഘടനകള്‍ കരുതലോടെ നിലകൊണ്ടു.
ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ, ദുരന്തബാധിത കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ 23 പേരുടെ സമൂഹവിവാഹം 1976 ഡിസംബര്‍ 23ന് നടത്തി. റോട്ടറി ക്ലബ് ഒരു പവന്റെ താലിമാല എല്ലാവര്ക്കും സമ്മാനിച്ചു. മറ്റു ചെലവുകള്‍ ഇടവകയും. സ്മാരകമായി ഒരു കുരിശ് 1977 ഓഗസ്റ്റ് 23 ന് വാടയ്ക്കലിൽ സ്ഥാപിച്ചു. സമീപം ഒരു പ്രാര്‍ഥനാകേന്ദ്രവും. എല്ലാ ഓര്‍മദിനത്തിലും ഗ്രാമം ഇവിടെ ഒത്തുചേരുന്നുണ്ട്.
Kerala
കൊച്ചി: എച്ച്ഐവി ബാധിതര്‍ കക്ഷികളായ കേസുകള്‍ക്ക് മുന്‍ഗണന നല്‍കാനും വ്യക്തിത്വം രഹസ്യമാക്കി വിവരങ്ങള്‍ ശേഖരിക്കാനും ഹൈക്കോടതിയില്‍ പുതിയ ക്രമീകരണം.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം എച്ച്ഐവി ബാധിതരായ കക്ഷികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
വ്യക്തിഗതമായി കേസുകള്‍ ഫയല്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുമെന്നും കക്ഷികളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ സര്‍ക്കുലറില്‍ പറയുന്നു.
ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന സമയത്തുതന്നെ ഈ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് കർഷകർക്കു മികച്ച വിപണിയും ഉപഭോക്താക്കൾക്കു ന്യായവിലയിൽ ഗുണമേ·യുള്ള കാർഷികോത്പന്നങ്ങളും ഉറപ്പാക്കാനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 2,000 ‘ഓണസമൃദ്ധി 2026’ കർഷക ചന്തകൾക്കു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. 25 വരെയാണ് ഓണക്കാല കർഷക ചന്തകൾ പ്രവർത്തിക്കുക.
ഓണക്കാല വിലക്കയറ്റം നിയന്ത്രിച്ചു കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായവിലയും ഉറപ്പാക്കുന്ന ശക്തമായ വിപണി ഇടപെടലാണ് ഓണസമൃദ്ധി കർഷക ചന്തകളിലൂടെ സർക്കാർ നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന അനാവശ്യ വിലക്കയറ്റത്തിനും ഊഹക്കച്ചവടത്തിനുമെതിരായ ഫലപ്രദമായ ഇടപെടൽ കൂടിയാണിത്. ഇതിനാവശ്യമായ സബ്സിഡി ഉൾപ്പെടെയുള്ള സാന്പത്തിക പിന്തുണ ഉറപ്പാക്കിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.
2,000 കർഷക ചന്തകളിൽ 1,074 എണ്ണം കൃഷിവകുപ്പും 766 ഹോർട്ടികോർപും 160 എണ്ണം വിഎഫ്പിസികെയും സംഘടിപ്പിക്കുന്നു. കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10 ശതമാനം അധികവില നൽകും. ജൈവ കാർഷിക ഉത്പന്നങ്ങൾക്കും പരിഗണന നൽകും. ജൈവ ഉത്പന്നങ്ങൾ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 20 ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് സംഭരിക്കുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തുന്പോൾ ഹോർട്ടികോർപിന്റെ പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ടു കർഷകർക്ക് 2.73 കോടിയിലധികം കുടിശിക നൽകാനുണ്ടായിരുന്നു. ഈ തുക പൂർണമായി നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിതരണം പൂർത്തിയായിവരികയാണെന്നും മന്ത്രി അറിയിച്ചു. കുടപ്പനക്കുന്ന് കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായി ഉയർത്തണമെന്ന മന്ത്രി കെ. മുരളീധരന്റെ ആവശ്യപ്രകാരം ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് ചടങ്ങിൽ അറിയിച്ചു.
Kerala
തൃശൂർ: രാജ്യത്ത് ഉയർന്നുവരുന്ന വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും വിദ്യാർഥി-യുവജനവിരുദ്ധ നയങ്ങൾക്കുമെതിരേ ശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ആഹ്വാനം ചെയ്തു.
കേന്ദ്രഭരണം കൈയാളുന്ന ആർഎസ്എസ്-ബിജെപി ശക്തികൾ രാജ്യത്തു വർഗീയവിഭജന അജൻഡ നടപ്പാക്കുകയാണ്. യുവാക്കളെ വർഗീയരാഷ്ട്രീയത്തിന്റെ ഉപകരണമാക്കാനും വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാനും തൊഴിലവസരങ്ങൾ പരിമിതപ്പെടുത്താനും ശ്രമം നടക്കുന്നു.
സർക്കാർസ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുന്നതും ആശങ്കാജനകമാണ്. യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിനും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും ശക്തമായ ജനകീയപ്രക്ഷോഭങ്ങൾ അനിവാര്യമാണെന്നും ഐഷി പറഞ്ഞു.
Kerala
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എ.എൻ. ഷംസീർ ആരാണെന്ന് വെള്ളാപ്പള്ളി നടേശനല്ല തീരുമാനിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംസീറിനെക്കുറിച്ചു ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത തരത്തിലുള്ള വാക്കുകളാണ് വെള്ളാപ്പള്ളിയിൽനിന്നുണ്ടായത്. അത് പ്രതിഷേധാർഹമാണ്.
എ.എൻ. ഷംസീറിനെ വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഇവിടെ വർഗീയമല്ല ലീഗിനെയാണ് പറഞ്ഞത് എന്നായിരുന്നു മറുപടി. വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ വർഗീയതയുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച ശേഷം മറുപടി പറയാമെന്നായിരുന്നു ഉത്തരം.
ഷംസീറിനെ വെള്ളാപ്പള്ളി മുസ്ലിം ലീഗുകാരനാക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് ചിലപ്പോഴൊക്കെ പ്രത്യേക നിലപാടുകൾ എടുക്കാറുണ്ടെങ്കിലും വർഗീയ പട്ടികയിലുള്ള പാർട്ടിയല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബിജെപിയുടെയും ഇഡിയുടെയും കൂടെ ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ മൂവർ സംഘമാണ് ഇഡിയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. ടി. വീണയുമായി ബന്ധപ്പെട്ട, ഇഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബിസിനസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഇടപെടില്ല, എന്നാൽ ഇതിന്റെ പേരിൽ പാർട്ടി നേതാക്കളെ വേട്ടായാടാൻ വന്നാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തൃശൂർ: സിപിഎമ്മിൽ ഒരാളും കുറുക്കുവഴികളിലൂടെ നേതാവായിട്ടില്ലെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എ.എൻ. ഷംസീറിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരവധി കാലത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണു സിപിഎമ്മിൽ നേതാവാകുന്നത്. അല്ലാത്തതരത്തിലുള്ള വിലയിരുത്തലിനെ പാർട്ടി തള്ളിക്കളയുന്നതായും പിണറായി വിജയൻ പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നു മംഗലാപുരത്തെ മാറ്റിയതിൽ സംസ്ഥാന സർക്കാരും പാർലമെന്റിൽ എംപിമാരും ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Leader Page
പറയാതെ വയ്യ!
കോടതി ഉത്തരവില്‍ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരെ വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ ടെറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ ഈയടുത്ത ദിവസം വരെ കേരള സര്‍ക്കാര്‍ അത് കണ്ടതായി നടിച്ചിരുന്നില്ല. ന്യൂനപക്ഷത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും മറന്നുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ!
കഴിഞ്ഞ കുറേ നാളുകളായി അധ്യാപക ലോകത്തു മുഴങ്ങിക്കേള്‍ക്കുന്ന, ആശങ്കയുളവാക്കുന്ന പദമാണ് കെ ടെറ്റ് എന്നത്. കോളജ് അധ്യാപകരാകാന്‍ ‘നെറ്റ്’ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്), ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ ‘സെറ്റ്’ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പോലെ സ്കൂള്‍ അധ്യാപകര്‍ പ്രത്യകിച്ച് ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ കൈവരിക്കേണ്ട അടിസ്ഥാനയോഗ്യത എന്ന നിലയിലാണ് ‘ടെറ്റ്’ (ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
സേവനത്തിലുള്ള അധ്യാപകരും പ്രസ്തുത പരീക്ഷ പാസാകണമെന്നും 2025 സെപ്റ്റംബർ ഒന്നു മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷ പാസാകാത്ത അധ്യാപകര്‍ പുറത്തുപോകണമെന്നുമുള്ള സുപ്രീംകോടതി വിധിയാണ് അധ്യാപകര്‍ക്ക് ഇരുട്ടടിയായിത്തീര്ന്നത്. പിന്നീട് റിവ്യു ഹര്‍ജിയുടെ വിധി രണ്ടു വര്‍ഷമെന്നത് മൂന്നാക്കി മാറ്റി. പത്തും ഇരുപതും വര്‍ഷം മുമ്പ് സര്‍വീസില്‍ കയറിയ അധ്യാപകരുള്‍പ്പെടെ ടെറ്റ് പരീക്ഷ പാസായിരിക്കണമെന്നിടത്താണ് അധ്യാപകര്‍ കുഴപ്പത്തിലായത്.എന്നാല്‍, മേല്‍പ്പറഞ്ഞ കോടതി ഉത്തരവിനെ അടിസ്ഥാനമാക്കി കേരള സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പുറത്തുവന്നപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ കഠിനമായിത്തീര്ന്നത്. കോടതി ഉത്തരവില്‍ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരെ വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ ടെറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈയടുത്ത ദിവസം വരെ കേരള സര്‍ക്കാര്‍ അത് കണ്ടതായി നടിച്ചിരുന്നില്ല. ന്യൂനപക്ഷത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും മറന്നുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ!
പ്രഥമാധ്യാപക നിയമനത്തിലും അധ്യാപകരുടെ പ്രൊമോഷന് കാര്യങ്ങളിലും, പ്രൊമോഷന് ലഭിച്ച അധ്യാപകരുടെ തസ്തികകളില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ പ്രശ്നങ്ങളിലുമൊക്കെ ഉടനടി പരിഹാരം കാണേണ്ടതുണ്ട്.
◄സര്‍ക്കാര്‍ മറന്നുപോകുന്ന വിധിവാചകം
2025 സെപ്റ്റംബർ ഒന്നിന് കെ ടെറ്റ് യോഗ്യത സംബന്ധിച്ച് സുപ്രീംകോടതി നല്കിയ വിധിയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ വിശാല ബെഞ്ച് വിധി പറയുന്നതുവരെ ഒഴിവ് നല്‍കിയിരുന്നു. റിവ്യു ഹര്ജികളിന്മേല് 2026 മേയ് 29ന് സുപ്രീംകോടതി നല്കിയ വിധിയിലും കെ ടെറ്റ് യോഗ്യത സംബന്ധിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഇളവ് ആവര്‍ത്തിക്കുന്നു. എന്നാല്‍, മുമ്പ് സൂചിപ്പിച്ചിരുന്നതുപോലെ 2026 ഓഗസ്റ്റ് 14വരെ സര്‍ക്കാര്‍ കെ ടെറ്റ് വിഷയത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കോടതി നല്കിയ ആനുകൂല്യം കണ്ടില്ലെന്നു നടിച്ചു. പലപ്രാവശ്യം വിവിധ ന്യൂനപക്ഷ മാനേജ്മെന്റുകള്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഈ ദിവസങ്ങളില്‍ കാസര്‍ഗോഡ് കുണ്ടാര്‍ എയുപി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്ജിയിന്മേല് ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ അവകാശം കണക്കിലെടുത്ത്, നിയമനം നിരസിച്ചുകൊണ്ടുളള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി, സുപ്രീംകോടതി വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ കെ ടെറ്റ് യോഗ്യത നിര്‍ബന്ധമല്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഈ മാസം 14ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
സുപ്രീംകോടതി വിധിയില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടും വീണ്ടും ഹൈക്കോടതിയില്‍ ന്യായം വാദിക്കേണ്ടിവരുന്നു എന്നത് കാലാകാലങ്ങളില്‍ ഭരണം മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷങ്ങളോടുളള നിഷേധാത്മക സമീപനമാണു വെളിവാക്കുന്നത്. ഇനിയും, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പൊതു ഉത്തരവല്ല; മറിച്ച്, കുണ്ടാര്‍ എയുപി സ്കൂളിന്റെ മാനേജര്‍ക്ക് മാത്രം ലഭിച്ച ഉത്തരവാണെന്നും ഏക പരാതിയിലുളള ഒത്തുതീര്‍പ്പ് മാത്രമാണെന്നും പൊതുവിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് പത്രത്തില്‍ വായിക്കാനിടയായി. ഇത് വാസ്തവമെങ്കില്‍ ഈ നിലപാട് തികച്ചും ഖേദകരമാണ്.
കഴിഞ്ഞ വര്‍ഷം ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എന്‍എസ്എസിനു നല്കിയ അനുകൂലവിധി അവര്‍ക്കു മാത്രമാണെന്നവകാശപ്പെട്ട് മറ്റ് മാനേജ്മെന്റുകളെ എത്രമാത്രമാണ് ബുദ്ധിമുട്ടിച്ചത്? ഭിന്നശേഷിക്കാര്‍ക്കായി തസ്തിക മാറ്റിവച്ചിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള നിയമനങ്ങള്‍ അംഗീകരിച്ചുകൊടുക്കാമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനഃപൂര്‍വം ശ്രമിച്ചത് മറക്കാന്‍ കാലമായില്ലല്ലോ? ഓര്‍ക്കുക, എന്എസ്എസ്നു ലഭിച്ച കോടതി ഉത്തരവില്‍ സമാനസാഹചര്യമുളള ഏജന്‍സികളെയും പരിഗണിക്കാമെന്ന് തന്നെയുണ്ടായിരുന്നു. കേരള മെത്രാന് സമിതിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും നടത്തിയ ദീര്‍ഘ കാല സമരപരിപാടികള്ക്കൊടുവിലാണ് സര്‍ക്കാര്‍ കനിഞ്ഞത്. അതുപോലെ, കുണ്ടാര്‍ എയുപി സ്കൂള്‍ മാനേജര്‍ക്കു ലഭിച്ചിരിക്കുന്ന ന്യൂനപക്ഷാവകാശ പ്രകാരം കെ ടെറ്റ് നിര്‍ബന്ധമല്ലെന്ന ഉത്തരവ് മറ്റ് ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കുകൂടി ബാധകമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുമോ? ജീവിതപ്രശ്നങ്ങള്ക്കുത്തരം നല്കുന്ന, വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് പരിഹാരം ആരായുന്ന ഒരു സര്‍ക്കാരിനെ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ?
കേരളത്തില്‍ പ്രധാനമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. എയ്ഡഡ് സ്കൂളുകളില്‍ ഭൂരിപക്ഷം ന്യൂനപക്ഷ സ്ഥാപനങ്ങളുമാണ്. സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നതുപോലെ - വിശാല ബഞ്ചിന്റെ വിധി വരുന്നതുവരെ - കെ ടെറ്റ് യോഗ്യത ബാധകമല്ല എന്നത്, നിലവില്‍ സേവനത്തിലുളള അധ്യാപകരുടെ പ്രഥമാധ്യാപക, സ്ഥാനക്കയറ്റ നിയമനങ്ങളില്‍ നടപ്പാക്കുകയാണെങ്കില്‍ - ആയിരക്കണക്കിന് അധ്യാപകരുടെ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ഇല്ലാതാകും എന്നുറപ്പാണ്. നിലവിലെ സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസമേഖല നേരിടുന്ന വിഷയങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നുവെന്നത് ശുഭകരമാണ്. കെ ടെറ്റ് വിഷയത്തില്‍ സുപ്രീംകോടതി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കല്പിച്ചിരിക്കുന്ന ഇളവ് നടപ്പിലാക്കി സര്‍ക്കാര്‍ പൊതു ഉത്തരവ് ഇറക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാകും.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കെ ടെറ്റ് വിഷയത്തില്‍ ലഭിച്ചിരിക്കുന്ന ഇളവ് ഒരുതരത്തിലും സ്ഥാപനത്തിന്റെ ഗുണമേന്മയെയും മികവിനെയും ബാധിക്കാന്‍ പാടില്ല. ന്യൂനപക്ഷ സമുദായത്തിന്റെ സ്വത്വം, ഭാഷ, സംസ്കാരം, വിശ്വാസം എന്നിവ നിലനിര്‍ത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രായോഗികമാക്കുന്നതിനുമാണ് ഇത്തരത്തിലുളള അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നത് എന്ന് ഒരിക്കലും മറക്കാതിരിക്കാം. ന്യൂനപക്ഷമെന്ന പേരില്‍ എന്തെങ്കിലും അനര്‍ഹമായത് കൈപ്പറ്റുക എന്നുളളതല്ല; മറിച്ച്, അടുത്ത തലമുറയ്ക്ക് ഗുണപരമായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുക എന്നതു മാത്രമാണ് കത്തോലിക്കാ സഭ ലക്ഷ്യമിടുന്നത്.
◄പ്രഥമാധ്യാപക നിയമനങ്ങളിലെ പ്രതിസന്ധി
‘ഹെഡ്മാസ്റ്റര്/ഹെഡ്മിസ്ട്രസ്’- പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വിദ്യാലയമാകുന്ന ശരീരത്തിന്റെ ശിരസ് പ്രഥാമാധ്യാപകരാണെന്ന് പറയേണ്ടതില്ലല്ലോ. പ്രഥമാധ്യാപകന്/അധ്യാപിക എന്ന നാമത്തിലും ഇവരുടെ അന്തസും ആത്മാഭിമാനവും വ്യക്തിത്വവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍, സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിക്കാത്തിടത്തോളം പ്രഥമാധ്യാപകന് മാനസികമായും സ്വത്വപരമായും സാങ്കേതികമായും വലിയ പ്രതിസന്ധിയിലാണ്.
ഭാരിച്ച ഉത്തരവാദിത്വമാണ് ഒരു എച്ച്എമ്മിനുള്ളത്. സ്കൂളിന്റെ നടത്തിപ്പ്, കുട്ടികളുടെ സംരക്ഷണം, അധ്യാപക- അനധ്യാപകരുടെ ഒത്തൊരുമ, അക്കാദമിക പ്രവര്‍ത്തനങ്ങളുടെ മികവ്, അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ സംഘാടനം... ഇങ്ങനെ നിരവധിയായ ഉത്തരവാദിത്വം എച്ച്എമ്മിന്റെ ചുമതലയാണ്. എന്നാല്‍ അംഗീകാരമില്ലാതെ ആ സ്ഥാനത്ത് ഇരിക്കുക കൂടുതല്‍ പ്രയാസകരമാണ്. അംഗീകാരമില്ലാത്ത പദവിയാണെങ്കിലും ചുമതലകളുടെ നിര്‍വഹണത്തിന് ഒട്ടും കുറവില്ല. വിദ്യാഭ്യാസ വകുപ്പിന്റെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നാട്ടുകാരുടെയും മാതാപിതാക്കളുടെയുമൊക്കെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കൊടുക്കാന്‍ ‘എച്ച്എം എന്ന നിലയില്‍ അംഗീകാരമില്ലെങ്കിലും’ ടിയാന് ബാധ്യസ്ഥനാണ്. ഈവിധ ജോലികള്‍ ചെയ്യുമ്പോള്‍ പ്രഥമാധ്യാപകരുടെ ആനുകൂല്യങ്ങള്‍ അവരുടെ അവകാശമാണ്. കെ ടെറ്റ് എന്ന സാങ്കേതികതയില്‍ തട്ടി പ്രഥമാധ്യാപകരുടെ അംഗീകാരത്തിന്മേലും അവകാശങ്ങള്‍ക്കുമേലും പ്രതിസന്ധിയുടെ കരിനിഴല്‍ വീഴ്ത്തുന്നത് പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളുടെ നിലനില്പിനെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
◄സ്ഥാനക്കയറ്റ നിയമനം
പ്രഥമാധ്യാപകര്‍ മാത്രമല്ല, നൂറുകണക്കിന് അധ്യാപക പ്രൊമോഷനുകളും കെ ടെറ്റ് യോഗ്യതയുടെ കുരുക്കിലാണ്. പ്രൈമറി വിഭാഗത്തില്‍നിന്നു ഹൈസ്കൂള്‍ തലത്തിലേക്കും ഹൈസ്കൂളില്‍നിന്നു ഹയര്‍ സെക്കൻഡറി തലത്തിലേക്കും ഉളള സ്ഥാനക്കയറ്റം ഉത്തരവുകളുടെ കുരുക്കില്പ്പെട്ട്് അംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലാണ്. പ്രൊമോഷന് ലഭിച്ചവര്‍ക്ക് മുമ്പ് ലഭിച്ചിരുന്ന ശമ്പളം തുടര്‍ന്നും ലഭിക്കുമെങ്കിലും സ്ഥാനക്കയറ്റത്തിന്റെ ഫലമായുണ്ടാകുന്ന താഴെ തസ്തികയില്‍ നിയമിക്കപ്പെട്ടവര്‍ അനേക നാളുകള്‍ പ്രതിഫലം കിട്ടാതെ ജോലി ചെയ്ത് കാത്തിരിക്കേണ്ടി വരുന്നു.
മാത്രവുമല്ല ഈ സ്ഥാനക്കയറ്റത്തിനും അതിന്റെ ഫലമായുണ്ടാകുന്ന നിയമനത്തിനുമിടയില് (റിസള്‍ട്ടന്റ് വേക്കന്‍സി) സൗകര്യാര്‍ഥം സ്ഥലംമാറ്റം നടത്തിയിട്ടുണ്ടെങ്കില്‍ അവരുടെ വേതനവും തടസപ്പെടുന്നു. 2025 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് നടത്തിയ നിയമനങ്ങള്‍പോലും ഇപ്പോഴും അംഗീകരിക്കാതെ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.
◄കെ ടെറ്റ് യോഗ്യത നേടിയ നാള് മുതല്‍
കെ ടെറ്റ് യോഗ്യത നേടിയ നാള് മുതല്‍ പ്രഥമാധ്യാപക സ്ഥാനക്കയറ്റം അംഗീകരിച്ച് ഉത്തരവാകുന്നു എന്ന് വിദ്യാഭ്യാസ ഓഫീസര്‍ അംഗീകാര ഉത്തരവില്‍ കുറിക്കുമ്പോള്‍, അധ്യാപകന് സ്ഥാനക്കയറ്റം ലഭിച്ച് നിയമനം നേടിയ ദിവസം മുതല്‍ പിന്നീട് കെ ടെറ്റ് പരീക്ഷ പാസായ ദിവസം വരെയുള്ള കാലഘട്ടം അനിശ്ചിതാവസ്ഥയിലാകുന്നു. ഉദാഹരണമായി, സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകന് ഒരു വര്‍ഷം പ്രൊമോഷന് തസ്തികയില്‍ സേവനം ചെയ്തപ്പോഴാണ് കെ ടെറ്റ് നേടിയത്. ഈ സാഹചര്യത്തില്‍ ‘കെ ടെറ്റ്’യോഗ്യത നേടിയ തീയതി മുതല്‍ അംഗീകാരം നല്കുന്നു എന്നു വരുമ്പോള്‍ അവര്‍ ഉയര്‍ന്ന തസ്തികയില്‍ സേവനം ചെയ്ത ഒരു വര്‍ഷം എങ്ങനെ കണക്കാക്കും? അവരുടെ മുന്‍ ലാവണത്തിലേക്ക് തിരികെപ്പോകുകയാണെങ്കില് പ്രൊമോഷന്റെ ഫലമായുണ്ടായ ഒഴിവില്‍ പഠിപ്പിച്ച ഉദ്യോഗാര്‍ഥിയുടെ സേവനകാലം പ്രതിഫലം ലഭിക്കാത്തതായിത്തീരും.
Leader Page
സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് അക്കാദമിക ബിരുദം മാത്രം തൊഴിൽവിജയത്തിന് മതിയാകില്ല. വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ, പ്രായോഗിക പരിചയം, പ്രശ്നപരിഹാരശേഷി, ആശയവിനിമയ മികവ്, സംഘമായി പ്രവർത്തിക്കാനുള്ള കഴിവ്, നവീകരണ മനോഭാവം എന്നിവയും വിദ്യാർഥികളുടെ തൊഴിൽസജ്ജതയിൽ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തിന് കൂടുതൽ പ്രസക്തിയേറുന്നത്.
ക്ലാസ് മുറിയിൽ ലഭിക്കുന്ന അറിവ് യഥാർഥ തൊഴിൽസാഹചര്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക മൂല്യം പൂർണമാകുന്നത്. അതുകൊണ്ടുതന്നെ ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് പാർട്ണർഷിപ്പ് ഇന്ന് ഒരു അധിക സൗകര്യമല്ല; ഭാവിയിലെ തൊഴിൽലോകത്തെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുന്നതിനുള്ള അനിവാര്യതയാണ്.
പാഠ്യപദ്ധതിയും തൊഴിൽ ലോകവും
ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള അർഥവത്തായ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്നുണ്ട്. വ്യവസായത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നതിലും ഇന്റേൺഷിപ്പുകൾ, ലൈവ് പ്രോജക്ടുകൾ, ഗവേഷണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഈ സഹകരണത്തിന് വലിയ പങ്കുവഹിക്കാനാകും. വിദ്യാർഥികൾ പഠിക്കുന്ന ആശയങ്ങൾ യഥാർഥ വ്യവസായപ്രശ്നങ്ങളിൽ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമ്പോൾ അവരുടെ പഠനം കൂടുതൽ ആഴമുള്ളതും പ്രസക്തവുമാകുന്നു. പുസ്തകപരമായ അറിവിനൊപ്പം പ്രായോഗിക പരിചയവും ലഭിക്കുന്നത് തൊഴിൽ ലോകത്തേക്കുള്ള അവരുടെ മാറ്റം സുഗമമാക്കുന്നു.
എഐ പല മേഖലകളിലും മനുഷ്യന്റെ കഴിവുകളെ മറികടക്കാൻ സാധ്യതയുണ്ടെങ്കിലും മനുഷ്യന്റെ സർഗാത്മകത, ധാർമികബോധം, സഹാനുഭൂതി, നേതൃപാടവം, മൂല്യബോധം തുടങ്ങിയവയ്ക്ക് അതേ രീതിയിൽ പകരക്കാരനാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഭാവിയിലെ വിദ്യാഭ്യാസം സാങ്കേതിക നൈപുണ്യങ്ങൾക്കൊപ്പം മനുഷ്യ കഴിവുകൾക്കും തുല്യപ്രാധാന്യം നൽകേണ്ടതുണ്ട്.
മാർക്കിനപ്പുറമുള്ള കഴിവുകൾ
തൊഴിൽദാതാക്കളുടെ സമീപനത്തിലും ഇതിനകം വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. മികച്ച മാർക്കുകൾ പ്രധാനമാണെങ്കിലും അതിനപ്പുറം പ്രശ്നങ്ങളെ വിശകലനം ചെയ്യാനും പരിഹാരം കണ്ടെത്താനും കഴിയുന്നവരെയാണ് സ്ഥാപനങ്ങൾ തേടുന്നത്. ടീം വർക്ക്, ആശയവിനിമയം, നേതൃശേഷി, പഠിച്ചുകൊണ്ടിരിക്കാനുള്ള മനോഭാവം, പുതിയ സാങ്കേതികവിദ്യകളോട് ഇണങ്ങാനുള്ള കഴിവ് എന്നിവയ്ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ട്.
ഈ കഴിവുകൾ വികസിപ്പിക്കുന്നതിൽ വ്യവസായ-വിദ്യാഭ്യാസ സഹകരണത്തിന് നിർണായക പങ്കുണ്ട്. ഇത്തരം പങ്കാളിത്തങ്ങളിലൂടെ വിദ്യാർഥികൾക്ക്:
പ്ലേസ്മെന്റിനപ്പുറം സഹകരണം
വ്യവസായ-വിദ്യാഭ്യാസ പങ്കാളിത്തം ഏതാനും പ്ലേസ്മെന്റ് പരിപാടികളിലോ കാമ്പസ് റിക്രൂട്ട്മെന്റുകളിലോ മാത്രം ഒതുങ്ങരുത്. വ്യവസായത്തിന്റെ യഥാർഥ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ഗവേഷണം, അധ്യാപകർക്കുള്ള വ്യവസായപരിശീലനം, സംയുക്ത ലബോറട്ടറികൾ, വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ, തുടർച്ചയായ നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലേക്കും ഈ സഹകരണം വ്യാപിക്കണം.
പ്രത്യേകിച്ച്, കേരളം പോലുള്ള സംസ്ഥാനത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള യുവജനവിഭാഗവും ശക്തമായ അക്കാദമിക് സ്ഥാപനങ്ങളും വളർന്നുവരുന്ന സ്റ്റാർട്ടപ്പ്-ടെക്നോളജി മേഖലയുമുള്ള കേരളത്തിന് വ്യവസായവും വിദ്യാഭ്യാസവും കൂടുതൽ അടുത്ത് പ്രവർത്തിച്ചാൽ വലിയ നേട്ടമുണ്ടാക്കാനാകും.
Kerala
കോഴിക്കോട്/പാലക്കാട്: മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷന് 1100 കോടി രൂപയുടെ വാർഷികനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാനമാർഗമായ കർണാടകയിലെ പനമ്പുർ സ്റ്റേഷനും മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. നിലവിൽ ദിവസം 2.75 കോടി രൂപ വരുമാനമുണ്ടാക്കുന്ന ഡിവിഷനാണ് പാലക്കാട്.
പാലക്കാട് ഡിവിഷന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ് മംഗളൂരു മേഖലയാണ്. മംഗളൂരുവിനെ വേർപെടുത്തി പാലക്കാട് ഡിവിഷനെ ലാഭകരമല്ലാത്തതാക്കി മാറ്റാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണു വിഭജനമെന്നാണ് ആക്ഷേപം. വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
അടിയന്തര റിപ്പോർട്ട് തേടി റെയിൽവേ മന്ത്രി
ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ അടിയന്തര റിപ്പോർട്ട് തേടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനവുമായി യാതൊരു ചർച്ചയും നടത്താതെയുള്ള തീരുമാനത്തിനെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണു നടപടി.
പാലക്കാട് ഡിവിഷൻ വിഭജനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ കെ.സി. വേണുഗോപാൽ എംപി റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഡിവിഷൻ വിഭജനത്തിനെതിരേ കേരളത്തിലെ എംപിമാർ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നും റെയിൽവേ മന്ത്രിയെ അറിയിച്ചു. ഓണക്കാലത്ത് കേരളത്തിനു ലഭിച്ച ഇരുട്ടടിയാണ് ഈ തീരുമാനമെന്നും പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിൽനിന്നു റെയിൽവേ അടിയന്തരമായി പിന്മാറണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
തീരുമാനം ഏകപക്ഷീയം: മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രധാനപ്പെട്ട മംഗളൂരു ജംഗ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയും. ഇതു ഡിവിഷൻ വികസനത്തെ പ്രതികൂലമായി ബാധിക്കും. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പ്രതിഷേധാർഹമാണ്.
സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും ചർച്ച നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിച്ചത്. അടിയന്തര പ്രശ്നപരിഹാരം ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Kerala
ആലപ്പുഴ: പുന്നമടക്കായലിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളിപ്രേമികള്‍ ഒരേ മനസായി ആര്‍പ്പും ആരവമുയര്ത്തവേ അവിസ്മരണീയമായൊരു പോരാട്ടത്തിലൂടെ നെഹ്റു ട്രോഫി കൊല്ലത്തേക്ക്.
കൊല്ലം അരോമ ബോട്ട് ക്ലബ് നയിച്ച അരോമ-1 ചുണ്ടന് 72-ാമത് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടു. 4.23.328 മിനിറ്റില്‍ പുന്നമടയിലെ 1150 മീറ്റര്‍ ട്രാക്കിലൂടെ പറന്ന് കന്നിയങ്കത്തിലൂടെയാണ് ചുണ്ടന് കിരീടം നേടിയത്.
എന്നാല്‍ 4.14.35 മിനിറ്റില്‍ നെഹ്റുട്രോഫി നേടിയ മുന്‍ റിക്കാര്‍ഡ് തകര്‍ക്കാനായില്ല. രഞ്ജിത്ത് സജീവ് കൊച്ചുമോനാണ് ക്യാപ്റ്റൻ.
അനു ആല്‍ബര്‍ട്ട് പുലിക്കാട്ടിലും അന്ന റോസ് ജിന്റോയും കാപ്റ്റൻമാരായുമുള്ള പിബിസി പുന്നമട എന്‍സിഎഫ്സി ബോട്ട് ക്ലബ് നയിച്ച നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം. പത്മകുമാര്‍ ക്യാപ്റ്റനായുള്ള യുബിസി കൈനകരി എഫ്സിയുടെ വീയപുരം മൂന്നും നബീഷ്കുമാര്, സോളി വര്‍ഗീസ്, ജോഷ്വചാണ്ടി എന്നിവര്‍ ക്യാപ്റ്റന്മാരായ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്പാടം ചുണ്ടന് നാലാംസ്ഥാനവും നേടി.
ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കെ.ജി. ഏബ്രഹാം ക്യാപ്റ്റനായുള്ള നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് ഒന്നാംസ്ഥാനവും രാഹുല്‍ പ്രകാശ് ക്യാപ്റ്റനായ കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്റെ ആര്‍പ്പൂക്കര ചുണ്ടന് രണ്ടാം സ്ഥാനവും എം.പി. സന്തോഷ് കുമാര്‍ ക്യാപ്റ്റനായുള്ള എന്‍ബിസി നാട്ടകം ബോട്ട്ക്ലബ്ബിന്റെ ചെറുതന മൂന്നാം സ്ഥാനവും, റെനി ഫിലിപ്പോസ് കാപ്റ്റനായ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പുണ്യാളന് നിരണം നാലാം സ്ഥാനവും നേടി.
മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായിരുന്നു.
Kerala
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പിന്നാലെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നിയമനം വീണ്ടും കുരുക്കിലേക്ക്. കെഎഎസ് രണ്ടാംഘട്ട നിയമന നടപടി ചട്ടവിരുദ്ധമെന്ന് പൊതുഭരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി സൃഷ്ടിച്ച ഒഴിവുകളാണ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതെന്നും മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാർക്കായി സംവരണം ചെയ്ത രണ്ടും മൂന്നും സ്ട്രീമുകളിൽ ഒഴിവുകൾ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ റാങ്ക് പട്ടിക റദ്ദാക്കാൻ പിഎസ്സിയോട് ആവശ്യപ്പെടണം. നിലവിലുണ്ടായിരുന്നവർക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകിയതു മൂലമാണ് മറ്റു രണ്ട് ഒഴിവുകളുണ്ടായത്.
ഇതു സ്ഥിരം ഒഴിവായി കണക്കാക്കാനാവില്ല. മുൻ സർക്കാർ സ്വന്തം രാഷ്ട്രീയ അനുഭാവികളെ ഉദ്യോഗസ്ഥ തലപ്പത്തു കൊണ്ടുവരാനായി ഇല്ലാത്ത ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു. അതിനായി ധൃതിപിടിച്ചു നിയമന നടപടി പൂർത്തിയാക്കി. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത മൂന്ന് ഒഴിവുകളിൽ രണ്ടെണ്ണം സാധുവായിരുന്നില്ല. 31 പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയിരുന്നത് ഡെപ്യൂട്ടേഷൻ റിസർവ് എന്ന നിലയിലാണ്. അത് കെഎഎസ് നിയമനത്തിനുള്ള വിശേഷാൽ ചട്ടങ്ങൾക്കു വിരുദ്ധമാണ്.
കെഎഎസിലെ 30 ശതമാനം തസ്തിക ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവായി രൂപീകരിക്കാൻ 2023 ജൂണ്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർനടപടികൾക്ക് സെക്രട്ടറിതല സമിതിയെയും ചുമതലപ്പെടുത്തി.
ഏതൊക്കെ സ്ഥാപനങ്ങളിലെ തസ്തികകൾ ഉൾപ്പെടുത്തിയാണ് റിസർവ് രൂപീകരിക്കേണ്ടതെന്ന് പഠനമൊന്നും നടത്താതെയായിരുന്നു ഇത്. ഈ യോഗത്തിന് മുൻപുതന്നെ ഇത്തരത്തിൽ 31 ഒഴിവുകൾ ഭാവിയിൽ ഉണ്ടാകുമെന്ന് പിഎസ്സിയെ അറിയിക്കുകയും ചെയ്തു. സർക്കാരിന്റെ സാന്പത്തിക ബാധ്യത പരിഗണിക്കാതെയായിരുന്നു ഇതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
National
ഭുവനേശ്വർ: ഒഡീഷയിലെ പാരദ്വീപ് തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ (444 കിലോമീറ്റർ) അകലെ ബംഗാൾ ഉൾക്കടലിൽ പനാമ പതാക വഹിക്കുന്ന ചരക്കുകപ്പൽ മുങ്ങി.
"എം.വി. ഓഷ്യൻ വിന്നർ' എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുള്ള 24 ജീവനക്കാരിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണ്. ഇവർക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ 20ന് പാരദ്വീപ് തുറമുഖത്തെത്തിയ കപ്പൽ, ഇരുമ്പയിര് കയറ്റി വെള്ളിയാഴ്ച സിംഗപ്പൂരിലേക്കു തിരിച്ചതായിരുന്നു. ഇന്നലെ വൈകുന്നേരമാണു കപ്പൽ അപകടത്തിൽപ്പെട്ടത്. സമീപത്തുകൂടി കടന്നുപോകുന്ന മറ്റു കപ്പലുകൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.
Kerala
കൊച്ചി: മാനസികാരോഗ്യ കേന്ദ്രം എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാന്‍ ഇത്തരം കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.
ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 15നകം നിലപാട് അറിയിക്കാന്‍ ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും കോടതി നേരിട്ടു പരിശോധന നടത്തിയശേഷം വിഷയം പരിഗണിച്ചപ്പോള്‍ അമിക്കസ് ക്യൂറി സത്യശ്രീ പ്രിയയാണ് മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ മാനേജ്മെന്റ് എന്ന രീതിയിലാകണം പേരുമാറ്റമെന്നും നിര്‍ദേശിച്ചു. പേരൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും ആശുപത്രികള്‍ക്കു സെന്റര്‍ ഫോര്‍ ഫിസിക്കല്‍ ഹെല്‍ത്ത് എന്നതരത്തിലുള്ള പേരുകള്‍ ഉചിതമല്ലെന്നും നയപരമായ തീരുമാനത്തിന്റെ ഭാഗമായതിനാല്‍ വിഷയം സര്‍ക്കാര്‍തന്നെ പരിഗണിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
National
പൂന: സുരക്ഷയുടെയും പഠനസൗകര്യങ്ങളുടെയും പേരിൽ പൂനയിൽ നിരാഹാരസമരം തുടരുന്ന ഗോത്രവിദ്യാർഥികൾക്കൊപ്പം ചേരാമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എന്നെ വിളിച്ചാൽ, നിങ്ങൾക്കൊപ്പം ഞാനും സമരത്തിനിരിക്കാം” -പൂന എസ്എസ്പിഎംഎസ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഛത്രോൺ കി ഗൂഞ്ച്' എന്നപേരിലുള്ള വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് ഉറപ്പ് നൽകി.
വിദ്യാഭ്യാസ സൗകര്യം, സാന്പത്തിക സുരക്ഷ, പൊതുഗതാഗത സൗകര്യം, സൈബർ ഇടങ്ങളിലെ പീഡനം ഉൾപ്പടെ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാർഥികളുമായി രാഹുൽ ഏറെനേരം സംസാരിച്ചു. ഇതിനിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യപ്പെട്ടു പൂനയിലെ മൻജാരിയിൽ പത്തുദിവസമായി ഗോത്രവിദ്യാർഥികൾ സമരത്തിലാണെന്ന കാര്യവും, ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു പെൺകുട്ടിയെ കഴിഞ്ഞദിവസം ആശുപത്രിയിലേക്കു മാറ്റിയ കാര്യവും രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
“ഒരു പുരുഷന്റെയും അടിമയല്ല സ്ത്രീകൾ”
സ്ത്രീകളെ അടിച്ചമർത്തുന്ന മാനസികാവസ്ഥയുടെ ഉറവിടം മനുസ്മൃതിയാണെന്നും ആ ചിന്താഗതിക്കെതിരേയാണു നിലവിലെ പോരാട്ടമെന്നും ഛത്രോൺ കി ഗൂഞ്ച് വിദ്യാർഥിനീ സംഗമത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പെൺകുട്ടികളെയും സ്ത്രീകളെയും കൂട്ടിനുള്ളിൽ തളച്ചിടാനാണു ബിജെപി-ആർഎസ്എസ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ അത്തരമൊരു ഇന്ത്യയെയല്ല, എല്ലാവർക്കും ബഹുമാനം ലഭിക്കുന്ന ഇന്ത്യയെയാണു തങ്ങൾ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
70 കോടി സ്ത്രീകളുടെ വേറിട്ട ജീവിതയാത്രകളും ഭാവനകളും സ്വപ്നങ്ങളുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇന്ത്യൻ സ്ത്രീകൾ ഇന്നും അക്രമങ്ങൾക്കും അനാദരവിനും നിയന്ത്രണങ്ങൾക്കും ഇരയാകുന്നുണ്ട്. രാജ്യത്തു നടക്കുന്ന ലൈംഗിക അക്രമങ്ങളിൽ 99 ശതമാനവും പുറത്തറിയുന്നില്ല. 84 ശതമാനം സ്ത്രീകൾക്കും ജോലിക്കു പോകാൻ കുടുംബത്തിന്റെ അനുവാദം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ 25 ശതമാനം കുറവ് വേതനമാണു ലഭിക്കുന്നത് -രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആയിരം യുവാക്കളിൽ 12 പേർക്കു മാത്രമാണ് സ്ഥിരജോലി ലഭിക്കുന്നത്. യുവാക്കളുടെ സമയം ഡിജിറ്റൽ ലോകത്തെ സോഷ്യൽ മീഡിയ അഡിക്ഷനുകളിലൂടെ പ്രമുഖ കോർപറേറ്റ് ഭീമന്മാർ അപഹരിക്കുകയാണെന്നും അർഹമായ തൊഴിലവസരങ്ങൾ നൽകുന്നതിൽ രാജ്യം പരാജയപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കി: ബിജെപി
പൂനയിൽ വിദ്യാർഥിനികളെ അണിനിരത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച ‘ഛത്രോ ൺ കി ഗൂഞ്ച്’പരിപാടിക്ക് ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കിയെന്നു ബിജെപി. പരിപാടി ‘ഛാത്രോൺ കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) അല്ലെന്നും ‘പൈസ കീ ഗൂഞ്ച്’ (പണത്തിന്റെ ശബ്ദം) ആണെന്നും ആരോപിച്ച ബിജെപി സംസ്ഥാന വക്താവ് നവ്നാഥ് ബാൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 30,000 മുതൽ 35,000 രൂപ വരെ നൽകി ആളുകളെ സംഘടിപ്പിക്കാനും പ്രചാരണം നടത്താനും കരാർ ഒപ്പിട്ടിരുന്നതായും ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: എംഎൽഎമാർക്ക് തിരുവനന്തപുരത്തു താമസിക്കാനുള്ള ഫ്ളാറ്റ് സമുച്ചയമായ ‘പന്പ’ ബ്ലോക്കിന്റെ നിർമാണം വേഗത്തിലാക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടൽ.
പമ്പ ബ്ലോക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതർക്ക് സ്പീക്കർ നിർദേശം നൽകി.
ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും "പമ്പ’യിൽ താമസിക്കാൻ യോഗമില്ലാത്ത എംഎൽഎമാരുടെ ദുര്യോഗം ചൂണ്ടിക്കാട്ടി ഇന്നലെ ‘ദീപിക’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. താമസസ്ഥലമില്ലാത്ത ഏതാനും എംഎൽഎമാർ നിള ബ്ലോക്കിനു മുകളിൽ താത്കാലികമായി ഒരുക്കിയ ഷീറ്റിട്ട ഷെഡിലാണ് താമസിക്കുന്നത്.
വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ സ്പീക്കർ നിർദേശിച്ചത്. നിയമസഭാംഗങ്ങളുടെ താമസത്തിനായി എംഎൽഎ ഹോസ്റ്റൽ പരിസരത്തു നിർമിക്കുന്ന പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ നടന്ന ചടങ്ങിൽ ഓണ്‍ലൈനായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർവഹിച്ചിരുന്നു.
സിമന്റ് പൂശൽ പോലും പൂർത്തിയാകുന്നതിനു മുൻപ് പിണറായി സർക്കാർ തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് ഏറെ വിമർശനങ്ങളും ക്ഷണിച്ചു വരുത്തി. പമ്പ ബ്ലോക്കിലെ ഫ്ളാറ്റുകളുടെ അകത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
10 നിലകളിലായി 62 ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങിയതാണ് പന്പ ബ്ലോക്ക്. ഇതിൽ 60 എണ്ണം എംഎൽഎമാർക്കും രണ്ടെണ്ണം മുൻ സ്പീക്കർമാർക്കുമായി നൽകും. താഴെ വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും. ഓരോ ഫ്ളാറ്റിലും രണ്ടു കിടപ്പുമുറികളും ഓഫിസ് മുറിയും ഹാളും അടുക്കളയും അടങ്ങിയ വിപുലമായ സംവിധാനമാണ് പന്പയിലുള്ളത്. ഇതു പൂർത്തിയായാൽ മുഴുവൻ എംഎൽഎമാർക്കും വിപുലമായ താമസ സൗകര്യമൊരുങ്ങും.
Kerala
തിരുവനന്തപുരം: കയർപിരി സംഘങ്ങളിലെ 5000ത്തോളം തൊഴിലാളികൾക്ക് ഓണത്തോട് അനുബന്ധിച്ച് 2,000 രൂപാ വീതം നൽകാൻ സർക്കാർ ഉത്തരവായി.
നൂറിൽ താഴെ ദിനങ്ങളും 500 കിന്റലിൽ താഴെ പ്രതിവർഷ ഉത്പാദനവുമുള്ള കയർ പിരി സംഘങ്ങളിലെ തൊഴിലാളികൾക്കാണ് ഈ അനുകൂല്യം ലഭ്യമാകുക. കയർമേഖലയുടെ വികസനത്തിനായി 53.48 കോടി രൂപയും അനുവദിച്ചു.
Kerala
തൃശൂർ: പോലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദിനെയും സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിഷാദിനെ വലതുപക്ഷ ഭരണകൂടം കള്ളക്കേസിൽ കുടുക്കിയതാണെന്നാണു നേതൃത്വത്തിന്റെ വിശദീകരണം.
ബോംബേറുകേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച് കണ്ണൂർ സെൻട്രൽ ജയിലിലാണ് നിഷാദ് ഇപ്പോഴുള്ളത്. പ്രതിനിധിയായിരുന്നെങ്കിലും ജയിലിലായതിനാൽ സമ്മേളനത്തിൽ പങ്കെടുത്തില്ല. ജില്ലാസമ്മേളനത്തിലും പങ്കെടുത്തിരുന്നില്ലെങ്കിലും നിഷാദിനു ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നു.
പയ്യന്നൂർ സ്വദേശിയായ നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരിക്കെയാണു 2025 നവംബറിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോംബെറിഞ്ഞതിനും 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണു വിധിച്ചത്.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാവ് പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2012 ഓഗസ്റ്റ് ഒന്നിനു നടന്ന പ്രകടനത്തിനിടെയാണു പോലീസിനുനേരേ സ്റ്റീൽ ബോംബേറുണ്ടായത്.
ശിക്ഷിക്കുമ്പോൾ പയ്യന്നൂർ നഗരസഭ കാരമേൽ വെസ്റ്റ് വാർഡിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും സത്യപ്രതിജ്ഞചെയ്യാൻ സാധിച്ചിരുന്നില്ല. നിഷാദിന് അനധികൃതമായി പരോൾ ലഭിച്ചതു നേരത്തേ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും ഓണക്കാലത്ത് 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരി വിതരണം അടുത്ത മാസവും തുടരുന്നതു പരിഗണനയിലാണെന്നു മന്ത്രി അനൂപ് ജേക്കബ്.
കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെയും ഓണക്കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എഫ്സിഐയിൽ നിന്നു പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് ലഭിക്കുന്നത്. അതിന്റെ സ്റ്റോക്ക് ലഭ്യത പരിശോധിച്ചു വരുന്നു.
ഓഗസ്റ്റ് 25ന് നബിദിനം വരുന്നതിനാൽ റേഷൻ വ്യാപാരികൾക്കു നിയന്ത്രിത അവധി നൽകും. സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള ഉത്പന്നങ്ങൾ ഇത്തവണ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നു.
ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: മലപ്പുറം കുരുളായി ആയുധപരിശീലന കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മാവോവാദി നേതാവ് തമിഴ്നാട് സ്വദേശി അയ്യപ്പന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
2022 ജൂണ്‍ 24ന് അറസ്റ്റിലായ അയ്യപ്പന് അന്നുമുതല്‍ ജയിലിലാണ്. നാലു വര്‍ഷമായി ജയിലിലാണെന്നതിന്റെ പേരില്‍ മാത്രം ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസുമാരായ സതീഷ് നൈനാന്, പി. കൃഷ്ണകുമാര്‍ എന്നിവർ വ്യക്തമാക്കി. മൂന്നു മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാകുമെന്ന എന്‍ഐഎയുടെ വിശദീകരണവും കോടതി കണക്കിലെടുത്തു.
2016 കാലഘട്ടത്തില്‍ മലപ്പുറം കുരുളായി വനമേഖലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുധപരിശീലനം നടത്തിയെന്നാണ് അയ്യപ്പനെതിരായ കേസ്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനു സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.
Kerala
കോട്ടയം: കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ യുവദീപ്തി-എസ്എംവൈഎം ഏര്‍പ്പെടുത്തിയ 13-ാമത് ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക സമര്പ്പിതന്-2026 അവാര്‍ഡിനു അപേക്ഷിക്കാം.
ജീവകാരുണ്യരംഗത്തു നിസ്വാര്‍ഥ സേവനം നല്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. വ്യക്തിക്കു സ്വയമോ മറ്റുള്ളവര്‍ക്ക് നാമനിര്ദേശമായോ സമര്‍പ്പിക്കാം. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10.
വിലാസം: പ്രസിഡന്റ്, യുവദീപ്തി- എസ്എംവൈഎം, ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, കടുവാക്കുളം, കൊല്ലാട് പി.ഒ. കോട്ടയം. ഫോണ്‍: +91 7907518846,+91 96052 40273,+91 98465 65905.
Kerala
തിരുവനന്തപുരം: ഓഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും.
പകരം ഓഗസ്റ്റ് 27, സെപ്റ്റംബർ രണ്ട് തീയതികളിൽ അവധിയും നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളിൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണം.
Kerala
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം
നൂറ് ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയാറാക്കി റേഷൻ കടകളിൽ എത്തിച്ചത്.
ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്ഒ കളിൽ നിന്നുള്ള ഡിമാന്റ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ആറളം ഫാർമിംഗ് കോർപ്പറേഷനിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഓണം ബോണസും ഉത്സവബത്തയും സർക്കാർ അനുവദിച്ച് ഉത്തരവായി.
8.33 ശതമാനം ബോണസാണ് അനുവദിച്ചത്. ഇതിനായി 17.62 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
ഭോപ്പാൽ:മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുഞ്ഞ് മരിച്ചു.
രണ്ടു കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ പുലർച്ചെ 1.50ഓടെയായിരുന്നു സംഭവം.
എൻഐസിയുവിൽ കുഞ്ഞുങ്ങൾക്ക് ചൂട് നൽകാൻ ഉപയോഗിക്കുന്ന ‘റേഡിയന്റ് വാമർ’ മെഷീനിലെ ഫിലമെന്റ് കോയിലിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമായത്. സമീപത്തുകൂടി കടന്നുപോകുന്ന ഓക്സിജൻ ട്യൂബിലേക്ക് പടരുകയും തൊട്ടിലിൽ തീ പിടിക്കുകയുമായിരുന്നു.
ഫോം മെത്തയായതിനാൽ നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചു. 15 സെക്കൻഡിനുള്ളിൽ ജീവനക്കാർ കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും മൂന്ന് കുട്ടികൾക്ക് പൊള്ളലേൽക്കുകയായിരുന്നു.
അപകടസമയത്ത് എൻഐസിയുവിൽ ആകെ 33 കുട്ടികളാണുണ്ടായിരുന്നത്. ഒരേ വാമർ മെഷീനിൽ കിടത്തിയിരുന്ന മൂന്ന് കുട്ടികൾക്കാണ് പരിക്കേറ്റത്. നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ സമയരോചിതമായ ഇടപെടൽ കാരണം ബാക്കി 30 കുഞ്ഞുങ്ങളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.
ഗുരുതരമായി പൊള്ളലേറ്റ മൂന്ന് കുട്ടികളെയും പ്രാഥമിക ചികിത്സയ്ക്കുശേഷം ജബൽപുരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ഒരു കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് പിഎസ്സി മുഖേന നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു.പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്നു പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അശ്വാരൂഢ സേനയിലേയ്ക്ക് പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിളും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ നൽകി. മികച്ച ഇൻഡോർ കേഡറ്റായി ജെ.ബി.ജോബിൻ ജോസ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഔട്ട്ഡോർ കേഡറ്റായി ജിജു.ബി.ജോസഫും ഷൂട്ടറായി ബി.എസ്. ബിബീഷും തെരഞ്ഞെടുക്കപ്പെട്ടു.
എസ്. രതീഷാണ് മികച്ച ഓൾ റൗണ്ടർ. ഒന്‍പതു മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമതാ പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനം, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി.
ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമം, മൈനർ ആക്ട്, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് കംപ്യൂട്ടർ ട്രെയിനിംഗ്, വിവിധ നിയമവിഷയങ്ങളിലും ക്ലാസ് നൽകി.
പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകി.സംസ്ഥാന പോലീസ് മേധാവി റവാഡ.എ. ചന്ദ്രശേഖർ, എഡിജിപിമാരായ ഗുഗുലോത്ത് ലക്ഷ്മണ്, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്, ഐജി. ഹർഷിത അത്തല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
National
ബംഗളൂരു: അത്യാവശ്യമായി നാട്ടിലേക്കു പോയ കര്‍ണാടക ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി പ്രചാരണം. ഒടുവില്‍ ഉദ്യോഗസ്ഥന് നേരിട്ടു വിളിച്ചു കാര്യം ബോധ്യപ്പെടുത്തിയതോടെ രണ്ടുദിവസമായി തുടരുന്ന പ്രചാരണത്തിനു പരിസമാപ്തിയാവുകയും ചെയ്തു.
കർണാടക വ്യവസായ വകുപ്പ് ഡയറക്ടറായ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിന്റെ ഡൽഹി യാത്രയാണു പ്രശ്നമായത്. ഗ്യാനേന്ദ്ര കുമാറുമായി ബന്ധപ്പെടാനാവില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ആദ്യം പറഞ്ഞത്. കാണാതായെന്ന വിവരം ലഭിച്ചുവെന്നും എന്നാൽ ഔദ്യോഗിക പരാതി കിട്ടിയിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിക്കുകയും ചെയ്തു.
തുടർന്ന് അന്വേഷണം ചൂടുപിടിച്ചു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഓഫീസർ എത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ വ്യാഴാഴ്ചയ്ക്കുശേഷം ഇദ്ദേഹവുമായി ആശയവിനിമയത്തിന് കഴിഞ്ഞിരുന്നില്ല.
ഡൽഹിയിലേക്ക് ഗ്യാനേന്ദ്രകുമാർ വിമാനടിക്കറ്റ് ബുക്ക് ചെയ്തുവെന്നും കണ്ടെത്തി. ഇതിനിടെയാണ് ഉദ്യോഗസ്ഥന് നേരിട്ട് വിളിച്ച് യാത്രാകാരണം വിശദീകരിച്ചത്.
അടിയന്തരമായി നാട്ടിലേക്കു പോകേണ്ടിവന്നതും ഇതിനിടെ ഔദ്യോഗിക മൊബൈൽ പ്രവർത്തിക്കാതിരുന്നതും വിശദീകരിച്ചതോടെ ആശയക്കുഴപ്പം അവസാനിക്കുകയായിരുന്നു.
Kerala
തൃശൂർ: ആർഎസ്എസ് അജണ്ട അതുപോലെ അംഗീകരിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
വന്ദേമാതരം ആർഎസ്എസ്, സംഘപരിവാറുകൾ ആലപിക്കുംവിധം പൂർണമായി ആലപിക്കണമെന്ന സർക്കുലർ അയച്ച എക സംസ്ഥാനം കേരളമാണ്. എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചു. തൃശൂരിൽ ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളന സമാപനപൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനു സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേതൃത്വം നൽകുന്നു. സംസ്ഥാനത്ത് ഒരു സർക്കാരുണ്ടോ എന്നും പിണറായി ചോദിച്ചു.
വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ച കാര്യം പരാമർശിച്ച പിണറായി അമുസ്ലിങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തെ വിമർശിച്ചു.
Kerala
കോഴിക്കോട്: ഏറെ വിവാദമായ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നതിന് ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക.
2024 നവംബർ 16ന് നടന്ന ചേവായൂർ സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആഭ്യന്തരവകുപ്പിനു ലഭിച്ചിരുന്നു. വ്യാപകമായി കള്ളവോട്ട് ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവരെ തടഞ്ഞു. ഇത് സംഘർഷത്തിനും വഴിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷയ്ക്കായി മെഡിക്കൽ കോളജ് പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അക്രമസംഭവങ്ങൾ തടയുന്നതിൽ മെഡിക്കൽ കോളജ് എസിപി അടക്കമുള്ളവർ വീഴ്ച വരുത്തിയെന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ ഉപയോഗിച്ചുവെന്ന് എം.കെ. രാഘവന് എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷണമുണ്ടാകും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂലൈയിൽ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ കോളജ് എസിപി പി. പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജി. ഗോപകുമാർ, കാസർഗോഡ് പ്രൊവിഷൻ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, മാറാട് എസ്ഐ കെ. രതീഷ്, കുന്നമംഗലം സ്റ്റേഷൻ സിപിഒ ആർ.സി. മഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Kerala
കോട്ടയം: രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ റബര്‍ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള അംഗീകൃത നോഡല്‍ കേന്ദ്രമായി കോട്ടയത്തെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍ആര്‍ഐഐ) തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയതലത്തില്‍ ലഭിച്ച അംഗീകാരത്തിന്റെ ഔപചാരിക പ്രഖ്യാപനവും സമര്‍പ്പണച്ചടങ്ങും നാളെ റബര്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
സസ്യ ഇനങ്ങളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ സസ്യ ഇനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച അംഗീകാരം ഇന്ത്യയിലെ റബര്‍ ഗവേഷണ മേഖലയ്ക്കും ആര്ആര്ഐഐക്കും ചരിത്രനേട്ടമാണെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി പറഞ്ഞു.